സിനിമാ ലോകത്ത് ആരും പ്രതീക്ഷിക്കാത്ത കുതിച്ചുചാട്ടമാണ് നടി മൃണാൽ ഠാക്കൂറിന്റെ കരിയറിനുണ്ടായത്. ബോളിവുഡിൽ വലിയ ശ്രദ്ധ നേടാതെ ഒതുങ്ങിപ്പോകുമായിരുന്ന മൃണാലിനു വഴിത്തിരവാകുന്നത് തെലുങ്ക് ചിത്രം സീതാരാമം ആണ്.
ദുൽഖർ സൽമാൻ നായകനായ സിനിമ മികച്ച വിജയം നേടി. തെന്നിന്ത്യൻ സിനിമാരംഗത്തു തരംഗം സൃഷ്ടിക്കാൻ മൃണാലിനു കഴിഞ്ഞു. വലിയ ആരാധകവൃന്ദമാണ് മൃണാലിന് ഇന്നുള്ളത്. കരിയറിലെ പ്രശസ്തിക്കൊപ്പം മൃണാലിന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ജനശ്രദ്ധയാകർഷിച്ചു. ഒന്നിലേറെ ഗോസിപ്പുകൾ ഇതിനകം മൃണാലിനെക്കുറിച്ച് വന്നിട്ടുണ്ട്.
താരം വിവാഹിതയാകാൻ പോകുന്നെന്ന ഗോസിപ്പാണ് അടുത്തിടെ വന്നത്. ഇക്കാര്യം നിഷേധിച്ച് മൃണാൽ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ മൃണാലിനെക്കുറിച്ചുള്ള പ്രണയവാർത്തയാണ് പുറത്തുവരുന്നത്. ഗായകൻ ബാദ്ഷയുമായി മൃണാൽ പ്രണയത്തലാണെന്ന വാർത്തയാണു പ്രചരിക്കുന്നത്. അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന ചില സംഭവങ്ങളും കഴിഞ്ഞ ദിവസം നടന്നു.
മൃണാലിനെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ബദ്ഷാ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ട് ആണ് ഇപ്പോൾ പ്രചരിക്കുന്നത്. നേരത്തെയും ഇരുവരെയും കുറിച്ചുള്ള പ്രണയ ഗോസിപ്പുകൾ വന്നിരുന്നു. ഇടയ്ക്കിടെ ഇവരെക്കുറിച്ചുള്ള വാർത്തകൾ വൈറലാകുന്നതിൽ ചിലർ സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. പിആർ വർക്കിനായി മൃണാലിനൊപ്പമുള്ള ഗോസിപ്പുകൾ ബാദ്ഷ ഉപയോഗിക്കുന്നുണ്ടോ എന്നാണു ചിലരുടെ സംശയം. തനിക്ക് ഹൈപ്പ് കിട്ടാൻ ഗായകൻ ഗോസിപ്പുകളെ ഉപയോഗിക്കുന്നു എന്ന് കമന്റുകൾ വരുന്നുണ്ട്.
അതേസമയം നേരത്തെ മൃണാലുമായുള്ള ഗോസിപ്പ് വന്നപ്പോൾ ഇക്കാര്യം നിഷേധിച്ച് ബാദ്ഷ രംഗത്തെത്തിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെപ്പറ്റി അടുത്തിടെ മൃണാൽ സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും വിവാഹത്തിനു പ്രായം തടസമല്ലെന്നും മൃണാൽ വ്യക്തമാക്കി. വിവാഹത്തിനായി പങ്കാളിയെ കണ്ടെത്തുന്നതിൽ പ്രത്യേക പ്രായമില്ല. ശരിയായ പങ്കാളിയെ കണ്ടെത്തിയാൽ വിവാഹം നീട്ടിവയ്ക്കേണ്ടതില്ലെന്നും മൃണാൽ ഠാക്കൂർ അഭിപ്രായപ്പെട്ടു.