വടക്കഞ്ചേരി: പാക്കിംഗ് ഉത്പന്നങ്ങൾക്ക് തോന്നുന്ന മട്ടിൽ എംആർപി (മാക്സിമം റീട്ടെയിൽ പ്രൈസ്) ചുമത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നതായി പരാതി. ഉത്പാദനചെലവുമായി യാതൊരു ബന്ധവുമില്ലാത്ത വിധത്തിലാണ് ഉത്്പന്നത്തിന് എംആർപി കണക്കാക്കുന്നത്.
ചില ഉത്പന്നങ്ങൾക്ക് എംആർപിയേക്കാൾ പകുതി വിലയ്ക്കുവരെ കച്ചവടക്കാർ വ്യാപാരം നടത്തുമെന്നതുതന്നെ തട്ടിപ്പിന് പ്രധാന തെളിവാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമെല്ലാം വരുന്ന ഉത്പന്നങ്ങൾക്കാണ് ഇത്തരത്തിൽ തോന്നുംമട്ടിൽ എംആർപി ചുമത്തി തട്ടിപ്പ് നടത്തുന്നതെന്ന് പറയുന്നു.
2290 രൂപ എംആർപിയായി പാക്കിംഗ് ബോക്സിൽ കാണിച്ചിട്ടുള്ള ഷൂ 1500 രൂപയ്ക്ക് ലഭിച്ചതാണ് പരാതിക്കിടയാക്കിയത്. എംആർപിയായി കാണുന്ന വില അതേപടി കൊടുത്ത് മിണ്ടാതെ കടയിൽനിന്നും ഇറങ്ങി പോരുന്നവരാണ് കൂടുതൽ വഞ്ചിതരാകുക.
കുട്ടികളാണ് സാധനം വാങ്ങാൻ വന്നതെങ്കിൽ എംആർപി യിൽനിന്നും പത്തോ ഇരുപതോ രൂപ കുറച്ച് അവരെ സന്തോഷിപ്പിക്കും. ശരിയായ വിലപേശൽ നടത്തിയാൽ മാത്രമെ കച്ചവടക്കാരുടെ ലാഭം കഴിച്ചുള്ള വിലക്ക് ഉത്പന്നം ലഭിക്കു.
ഒരു ഉത്പന്നത്തിന് ഇത്രയും വില കുറച്ച് വില്പന്ന നടത്താൻ കഴിയുന്നുണ്ടെങ്കിൽ ഉത്പന്നത്തിന്റെ വില പിന്നേയും എത്രയോ കുറവായിരിക്കും. ഇത്തരം തട്ടിപ്പുകൾ പരിശോധിക്കുന്നതിനോ നടപടികളോ ഇല്ലാത്തതിനാലാണ് തട്ടിപ്പുകൾ നിർബാധം തുടരുന്നത്.
ഉപഭോക്താവ് വിലപേശുന്ന ഉത്പന്നത്തിന് വിലകുറച്ച് മറ്റു സാധനങ്ങൾക്ക് വില കൂട്ടിയുള്ള തന്ത്രങ്ങളും കുറവല്ല. അളവുതൂക്കങ്ങളിലും വലിയ വെട്ടിപ്പ് നടക്കുന്നതായി പരാതിയുണ്ട്.
കടകളിൽ ഉപഭോക്താവിന് കാണാവുന്നവിധം അളവുതൂക്ക ഉപകരണങ്ങൾ സ്ഥാപിക്കണമെന്നാണ് നിയമം. എന്നാൽ പല കടകളിലും ഇത് പാലിക്കപ്പെടുന്നില്ല.