സ്വന്തം ലേഖകൻ
തൃശൂർ: കോടതി കുറ്റമുക്തനാക്കിയ കോണ്ഗ്രസ് നേതാവ് എം.ആർ. രാമദാസിനെ കെപിസിസി തിരിച്ചെടുത്തു. കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന രാമദാസിനെ 2016 മാർച്ചു മാസത്തോടെ സസ്പെൻഡു ചെയ്തതായിരുന്നു. അഞ്ചു വർഷത്തോളം പുറത്തുനിന്നശേഷമാണ് തിരിച്ചുവരവ്.
കള്ളക്കേസാണെന്നു ബോധ്യപ്പെട്ടതോടെയാണു കോടതി കഴിഞ്ഞ വർഷം ജൂലൈയിൽ രാമദാസിനെ വെറുതെവിട്ടത്. കോടതി ഉത്തരവു വന്ന് ആറു മാസത്തിനുശേഷമാണ് കെപിസിസി രാമദാസിനെ പാർട്ടിയിൽ തിരിച്ചെടുത്തത്.
രാമദാസിനെതിരായ നടപടികൾ അവസാനിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ നിർദേശിച്ചതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ: കെ.പി. അനിൽകുമാർ രാമദാസിനെ അറിയിച്ചു.
പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാമദാസ്തന്നെ നേരത്തെ പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. ഒരു നടപടിയും ഇല്ലാതായപ്പോൾ വാർത്താസമ്മേളനം നടത്തുകയും ചെയ്തു.
അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ളാറ്റിൽ ഷൊർണൂർ സ്വദേശി സതീശനെ കൊലപ്പെടുത്തിയ കേസിലാണു രാമദാസ് കുടുങ്ങിയത്. കേസിലെ അഞ്ചു പ്രതികളെയാണു കോടതി ശിക്ഷിച്ചത്. കോണ്ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദും കാമുകി ശാശ്വതിയുമാണ് മുഖ്യപ്രതികൾ.
റഷീദിന്റെ ഫ്ളാറ്റിൽ 2016 മാർച്ച് മൂന്നിനാണ് കൊലപാതകം നടന്നത്. ജോലി ലഭിക്കാൻ പണം നൽകിയതു സംബന്ധിച്ച തർക്കവും റഷീദിന്റെ കാമുകിയെക്കുറിച്ചുള്ള ചോദ്യവുമാണ് പഞ്ചിക്കൽ ഫ്ളാറ്റ് കൊലക്കേസിനു സതീശനെ കൊലപ്പെടുത്താനുള്ള പ്രകോപനമെന്നാണു കേസ്.
കൊലപാതകത്തിൽ രാമദാസിനു ബന്ധമില്ലെങ്കിലും കുറ്റകൃത്യം മറച്ചുവച്ചെന്നാണ് രാമദാസിനെതിരേ പോലീസ് കേസെടുത്തത്. കൃഷ്ണപ്രസാദിനെ പ്രതിയാക്കി റഷീദിനേയും ശാശ്വതിയേയും രക്ഷിക്കാൻ രാമദാസ് ശ്രമിച്ചെന്നും പോലീസ് ആരോപിച്ചിരുന്നു.
എന്നാൽ ഇതു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അറസ്റ്റിലായ രാമദാസിന് ആഴ്ചകളോളം ജയിലിൽ കഴിയേണ്ടിവന്നു. അന്നു വെസ്റ്റ് സിഐ ആയിരുന്ന തൃശൂർ എസിപി വി.കെ. രാജുവാണ് കേസന്വേഷിച്ചത്.
കേസിൽ തനിക്ക് ഒരു ബന്ധവുമില്ലായിരുന്നുവെന്നും ജീവിതത്തിലെ കരിദിനങ്ങളായിരുന്നു അതെന്നും രാമദാസ് പറഞ്ഞു.
പാർട്ടിയിൽ സജീവമാകുമെന്നും നേതൃനിരയിലുണ്ടാകുമെന്നും കഐസ്യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം വ്യക്തമാക്കി.