പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത മേഖലകളിൽ കുട്ടികളിൽ മാനസിക കരുത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മിസസ് ഇന്ത്യ കേരള അംബാസഡർ ശശിലേഖ നായർ സന്ദർശനം നടത്തി.ആറന്മുള ബാലാശ്രമത്തിലെത്തിയ അവർ കുട്ടികളുമായി ഏറെ നേരം സംവദിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കാളിയാകുകയുമുണ്ടായി.
ബാലാശ്രമത്തിന്റെ ഒരുനിലയും പരിസരങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയദിനത്തിൽ കുട്ടികൾ അനുഭവിച്ച മാനസികസംഘർഷത്തിൽ നിന്നും അവരെ മോചിതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താനെത്തിയതെന്ന് ശശിലേഖ പറഞ്ഞു.
ആറന്മുള, കാട്ടൂർ പ്രദേശങ്ങളിലെ വീടുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിലും ശശിലേഖ സന്ദർശനം നടത്തി. ചെന്നൈയിൽ നടന്ന പേജന്റ്സ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ദീപാലി ഫട്നീസ് മിസസ് ഇന്ത്യ മത്സരത്തിൽ നിന്നു കേരള അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ശശിലേഖ നായർ കാട്ടൂർ സ്വദേശി കൂടിയാണ്.