തണ്ണിത്തോട്: മലയോര മേഖലയിൽ വന്യമൃഗശല്യം ഒഴിവാക്കാൻ സാധിക്കുന്നിടങ്ങളിലെല്ലാം സൗരോർജവേലി സ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജു. തണ്ണിത്തോട് സപ്തസാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി, കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളനുസരിച്ച് വന്യമൃഗശല്യം നിയന്ത്രിക്കാൻ പദ്ധതികൾ തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു.
വന്യജീവികൾ പ്രകൃതിയുടെ ഭാഗം തന്നെയാണ്. അവയെ വനത്തിൽ തന്നെ സംരക്ഷിക്കാനാകണം. ഭക്ഷണവും വെള്ളവും വനത്തിൽ തന്നെ ഉറപ്പാക്കാനായൽ അവയുടെ ശല്യം നാട്ടിൻപുറങ്ങളിലേക്കുണ്ടാകില്ല. ഇതിനുള്ള ക്രമീകരണം വനംവകുപ്പ് ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഭരണഘടന അനുസരിച്ച് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കെ. രാജു ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ചേളാവിന്റെ പുനരാവിഷ്കാരവും മന്ത്രി നിർവഹിച്ചു. കല്ലാറ്റിൽ നടുന്നതിനായി കല്ലൂർ വഞ്ചി ഒൗഷധസസ്യം വീണാ ജോർജ് എംഎൽഎയിൽ നിന്ന് സമിതി പ്രസിഡന്റ് എൻ. ലാലാജി ഏറ്റുവാങ്ങി. ചിറ്റയം ഗോപകുമാർ എംഎൽഎ ആദ്യകാല കുടിയേറ്റ കർഷകരെ ആദരിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാമചന്ദ്രൻപിള്ള മികച്ച കർഷകരെയും ജില്ലാ പഞ്ചായത്തംഗം ആർ.ബി. രാജീവ്കുമാർ ക്ഷീരകർഷകരെയും ആദരിച്ചു.