പത്തനംതിട്ട: സിപിഎം ജില്ലാ, ലോക്കല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരേയുള്ള ഡയറിക്കുറിപ്പിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ്.
സിപിഎം അനുഭാവിയായ പെരുനാട് മേലേതില്‍ എം.എസ്. ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി കണ്ടെത്തിയ ഡയറിക്കുറിപ്പാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡനന്റുമായ പി.എസ്. മോഹനന്, ലോക്കല്‍ സെക്രട്ടറി റോബിന് ടി. തോമസ്, പഞ്ചായത്തംഗം ശ്യാം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ബാബുവിന്റെ ഡയറിക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളുള്ളത്.
ഭാര്യയുടെ പരാതിയിൽ…
ഞായറാഴ്ച രാവിലെയാണ് ബാബുവിനെ പെരുനാട് മഠത്തുംമൂഴി പള്ളിക്കു സമീപം മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ കുറിപ്പില്‍ മരണകാരണം താന്‍ വീട്ടിലെ ഡയറിയില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാക്കളെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള വിശദമായ ഡയറിക്കുറിപ്പ് കണ്ടെടുത്തത്.
ഡയറി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തുടര്‍ നടപടികള്‍ മരവിച്ചിരിക്കുകയാണ്. ബാബുവിന്റെ ഭാര്യ കുസുമകുമാരി നല്കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടില്ല.
ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പെരുനാട് പോലീസ് കേസെടുത്തിരിക്കുന്നത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം നാളെ മൂന്നിന് നടക്കും.