കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചക്കേസുമായി ബന്ധപ്പെട്ട് എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത അധ്യാപകര്‍ക്ക് ചോദ്യപേപ്പര്‍ ചേര്‍ച്ചയില്‍ നേരിട്ടു ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.
2017 ൽ തുടങ്ങിയ ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ചശേഷമാണ്. മാർച്ചിൽ എസ്എസ്എൽസി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി.
10, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്. ഇതോടെയാണ് വലിയ വിവാദം ഉയര്‍ന്നത്.