മുക്കം : എം സാൻഡ് മാലിന്യം വൻതോതിൽ തള്ളി നികത്തിയ തെങ്ങിലക്കടവ് നീർത്തടം പൂർവ സ്ഥിതിയിലാക്കാൻ സത്വര നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ്. തെങ്ങിലക്കടവിൽ നികത്തിയ സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശാടനക്കിളികളുടെ വാസസ്ഥലവും കമ്യൂണിറ്റി റിസർവ് ആക്കുന്നതിന് ശ്രമം നടക്കുന്നതുമായ നീർത്തടം നികത്തിയത് ക്രൂരമായ നടപടിയാണെന്ന് കളക്ടര്‍ പറഞ്ഞു.
പരിസ്ഥിതിക്ക് ഏറെ ദോഷകരമായ രീതിയിലാണ് നികത്തൽ. ഇത്തരം തണ്ണീർതടങ്ങൾ വളരെ കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനാൽ ഇവ സംരക്ഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. നികത്തിയ ആൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. ദേശാടനപക്ഷികളുടെ വാസസ്ഥലത്ത് ഇത്തരത്തിൽ ശല്യമുണ്ടാക്കിയാൽ അവ തിരിച്ചു വരുമോയെന്ന് ആശങ്കയുണ്ട്.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് റിപ്പോർട്ട് കിട്ടിയ ഉടൻ നേരിട്ട് സന്ദർശിച്ചത്. എത്രയും വേഗത്തിൽ കഴിയാവുന്നിടത്തോളം മാലിന്യം നീക്കി പൂർവ്വസ്ഥിതിയിലാക്കാനാണ് നടപടിയെടുക്കുക. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണിത്. എത്രമാത്രം നികത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തെങ്ങിലക്കടവ് അങ്ങാടിയിൽ കണ്ണിപ്പറമ്പ് റോഡരികിൽ ക്ഷീര സഹകരണ സംഘം കെട്ടിടത്തിന് മുന്നിലുള്ള നീർത്തടമാണ് ലോഡു കണക്കിന് എംസാൻഡ് മാലിന്യം തള്ളി നികത്തുന്നത്. നേരത്തെ ഈ ഭാഗത്ത് പ്രവർത്തിച്ചിരുന്ന അനധികൃത എംസാൻഡ് യൂണിറ്റുകൾ അഡീഷണൽ തഹസിൽദാർ ഇടപെട്ട് അടപ്പിച്ചിരുന്നു.
മാലിന്യം നീർത്തടത്തിൽ തള്ളിയതിനെ തുടർന്നായിരുന്നു നടപടി. ഈ മാലിന്യം നീക്കാൻ ആവശ്യപെട്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ മറ്റു സ്ഥലങ്ങളിൽനിന്ന് മാലിന്യം കൊണ്ടുവന്ന് നീർത്തടത്തിൽ തള്ളുന്നത്.
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മാലിന്യം തള്ളിയത് സംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് അഡീഷണൽ തഹസിൽദാർ ഇ. അനിതകുമാരി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
ഇവർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കളക്ടര്‍ സന്ദർശനം. ദേശാടനക്കിളികളുടെ സേങ്കതം കൂടിയായ ഇൗ നീർത്തടം കമ്യൂണിറ്റി റിസർവായി പ്രഖ്യാപിക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് നികത്തൽ. നികത്തിയ ഭാഗത്ത് വാഴയും തെങ്ങിൻതൈകളും വെച്ചുപിടിപ്പിച്ച് പറമ്പാക്കി മാറ്റാനാണ് ശ്രമം.അഡീഷണൽ തഹസിൽദാർ ഇ. അനിതകുമാരി, വില്ലേജ് ഓഫിസർ എം. സുനിൽകുമാർ എന്നിവരും കൂടെയുണ്ടായിരുന്നു.