വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എംഎസ്സി തുർക്കി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുത്ത് ചരിത്രം കുറിക്കും. ഇതുവരെ ഇത്ര വലിയ കപ്പലിന് ഒരിന്ത്യന് തുറമുഖത്തിലും അടുക്കാൻ ആയിട്ടില്ല. രണ്ട് ദിവസം മുൻപ് പുറം കടലിൽ നങ്കൂരമിട്ട് വാർഫിൽ അടുക്കാൻ ഊഴം കാത്ത് കിടക്കുകയായിരുന്നു കപ്പൽ.
എംഎസ്സി തുർക്കിക്ക് കൈമാറാനുള്ള കണ്ടെയ്നുകൾ ഉണ്ടായിരുന്ന മറ്റ് രണ്ട് കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാനുള്ള അവസരം നൽകിയാണ് പുറംകടലിൽ കാത്ത് കിടന്നത്. ഇന്ന് രാവിലെയോടെ ഒഴിവ് വന്ന വാർഫിൽ എംഎസ്സി തുർക്കിയെ അധികൃതർ അടുപ്പിക്കും.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കപ്പലായ എംഎസ്സി തുർക്കി സിംഗപ്പുരിൽ നിന്നാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്റർ നീളവും 62 മീറ്റർ വീതിയും ഉള്ള കപ്പലിന് 24,346 ടി യു ഇ എസ് കണ്ടെയ്നർ വഹിക്കാൻ ശേഷി ഉണ്ട്. തെക്കൻ ഏഷ്യൻ തുറമുഖങ്ങളിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ കപ്പൽ അടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എംഎസ്സി ക്ലൗഡ് ജിറാർടെറ്റാണ് വിഴിഞ്ഞത്ത് ഇതിന് മുൻപ് വന്നിട്ടുള്ള ഏറ്റവും വലിയ കപ്പൽ.
ഇന്നുവരെ നിർമിച്ചിട്ടുള്ള തിൽ വെച്ച് ഏറ്റവും കൂടുതൽ കണ്ടെയ്നർ വഹിക്കാൻ കഴിയുന്ന എംഎസ് സി ഇറിന എന്ന കപ്പലിന്റെ വിഭാഗത്തിൽ പെടുന്നതാണ് എംഎസ്സി തുർക്കിയും. ഏറ്റവും വലിയ കപ്പലുകളുള്ള മറ്റ് കമ്പനികളായ ഹൂണ്ടായിയും എവർഗ്രീനിന്റെയും കപ്പൽ ഭീമൻമാർ അധികം താമസിയാതെ വിഴിഞ്ഞത്തടുക്കുമെന്നാണ് അധികൃതർ കരുതുന്നത്.