ന്യൂഡൽഹി: ക്രിക്കറ്റിൽനിന്നു വിരമിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ബിജെപിയിൽ ചേരുമെന്നു മുൻ കേന്ദ്രമന്ത്രി സഞ്ജയ് പസ്വാൻ. ഐഎഎൻഎസ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലായിരുന്നു പസ്വാന്റെ അവകാശവാദം. എന്നാൽ ഇതിനെ കുറിച്ചു ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ധോണിയുടെ പാർട്ടി പ്രവേശനത്തെ കുറിച്ച് ബിജെപിയിൽ ചർച്ചകൾ നടന്നു. ധോണിക്കു പാർട്ടിയിൽ നൽകേണ്ട പദവികൾ സംബന്ധിച്ചു ചർച്ചയായി. ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാർട്ടിയിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ക്രിക്കറ്റിൽനിന്നു ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷമാവും രാഷ്ട്രീയ പ്രവേശനത്തിൽ തീരുമാനമാവുക. ധോണി നരേന്ദ്ര മോദിയുടെ ടീമിനൊപ്പം ചേരുമെന്നും പസ്വാൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ബിജെപി അധ്യക്ഷൻ അമിത് ഷാ സന്പർക് ഫോർ സമർഥൻ പരിപാടിയുടെ ഭാഗമായി ധോണിയെയും സന്ദർശിച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞതോടെ ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് ഇന്ത്യൻ മുൻ നായകൻ രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും അവകാശവാദങ്ങളും പ്രചരിക്കുന്നത്.
ധോണിയുടെ സംസ്ഥാനമായ ജാർഖണ്ഡിൽ ഈ വർഷം അവസാനമാണു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിജെപി ഇവിടെ ധോണിയെ അവതരിപ്പിച്ചേക്കുമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.