മുംബൈ: ഒരു വാക്കിൽ പറഞ്ഞാൽ 2011 ഏകദിന ലോകകപ്പ് ഇന്ത്യക്കു സമ്മാനിച്ച നായകൻ എം.എസ്. ധോണിയുടെ രാജ്യാന്തര ക്രിക്കറ്റ് ഭാവിക്ക് വിരാമം. പ്ലേയിംഗ് ഇലവനിൽനിന്ന് ധോണി ഒൗട്ട്. ഇംഗ്ലീഷ് ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കാത്ത ധോണി വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉണ്ടായേക്കില്ല. അഥവാ ഉണ്ടെങ്കിൽപോലും പ്ലേയിംഗ് ഇലവനിൽ ഇനി സ്ഥിരം സാന്നിധ്യമാകില്ല.
വിൻഡീസ് പര്യടനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ധോണി ആവശ്യപ്പെട്ടതായി ബിസിസിഐയിലെ മുതിർന്ന അംഗം വ്യക്തമാക്കി. ധോണിക്ക് പകരം യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്ത് ആയിരിക്കും വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകുക. പന്തിനെ പരുവപ്പെടുത്തിയെടുക്കുക എന്ന പുതിയ ദൗത്യം ധോണിക്കു നല്കും. പന്ത് സെറ്റിൽ ആകുന്നതുവരെ ധോണിയുടെ സഹായം ഉണ്ടാകുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പന്തിന് കൂടുതൽ അവസരം നല്കുകയാണ് ലക്ഷ്യം.
ബിസിസിഐയുടെ വാക്ക്
എം.എസ്. ധോണി വിൻഡീസ് പര്യടനത്തിനില്ല. ഇനി മുന്നോട്ടുള്ള ആഭ്യന്തര വിദേശ പരന്പരകളിലും ഒന്നാം നന്പർ വിക്കറ്റ് കീപ്പറായി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ല. ഋഷഭ് പന്ത് ധോണിയുടെ സ്ഥാനം ഏറ്റെടുക്കും. പന്തിനെ പരുവപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ ധോണിയുടെ സഹായവും പന്തിനുണ്ടാകും. ധോണി ഇനി 15 അംഗ ടീമിൽ ഉണ്ടായിരുന്നാൽപോലും പ്ലേയിംഗ് ഇലവനിൽ ഉണ്ടാകില്ല- ബിസിസിഐയിലെ പേര് വെളിപ്പെടുത്താത്ത മുതിർന്ന അംഗം പറഞ്ഞു.
പന്തിന് ഒക്ടോബറിൽ ഇരുപത്തിരണ്ട് വയസ് പൂർത്തിയാകും. അടുത്ത വർഷം ഓസ്ട്രേലിയയിൽ ട്വന്റി-20 ലോകകപ്പ് നടക്കും. അതിലേക്ക് എത്തപ്പെടാൻ പന്തിന് അവസരങ്ങൾ ആവശ്യമാണ്- ബിസിസിഐ അംഗം പറഞ്ഞു. ധോണി ഉടനടി വിരമിക്കില്ലെന്നും ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള കരാർ ശേഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ടീം നാളെ
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനായി സെലക്ഷൻ കമ്മിറ്റി ഇന്ന് യോഗം ചേരും. മുപ്പത്തിനാല് വയസ് കഴിഞ്ഞ ദിനേശ് കാർത്തിക് ടീമിൽ ഉണ്ടാകുമെന്നാണ് സൂചന. രോഹിത് ശർമ, ജസ്പ്രീത് ബുംറ അടക്കമുള്ള മുൻനിരത്താരങ്ങളുടെ അധ്വാനഭാരം ചർച്ചയായേക്കും. വിൻഡീസ് പര്യടനത്തിൽ മൂന്ന് വീതം ഏകദിനവും ട്വന്റി-20യും രണ്ട് ടെസ്റ്റുമാണ് ഉള്ളത്.