എംഎസ്എഫ് നേതാവിന്റെ രാത്രി സഞ്ചാരം സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുന്നു, യുവതിക്കൊപ്പമുള്ള ഫോട്ടോയുടെ സത്യാവസ്ഥ അറിയാന്‍ പോലീസ്, ആഘോഷമാക്കി എതിരാളികള്‍

msfഎം എസ് എഫ് നേതാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടകളുടെ ബ്ലാക്‌മെയിലിംഗ്. ഒപ്പം നിര്‍ത്തിയുള്ള ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തതോടെ സംഘത്തിലെ നാലു പേര്‍ നാട്ടില്‍ നിന്നും മുങ്ങി. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

അഞ്ച് മാസം മുമ്പ് നടന്ന സംഭവത്തിന്റെ ഫോട്ടോകളും വീഡിയോയുമാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. യുവതിയെയും യുവാവിനെയും തടഞ്ഞുവെച്ച ശേഷം ഇവരെ വിചാരണ ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. അതേസമയം സംഭവത്തില്‍ എം എസ് എഫ് നേതാവും ജില്ലാ പോലീസ് ചീഫിനടക്കം പരാതി നല്‍കിയിട്ടുണ്ട്. ഫോട്ടോയും വീഡിയോയും കൈയ്യില്‍ വെച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ബ്ലാക്‌മെയില്‍ ചെയ്തുവന്നതെന്നും ഇതിന് വഴങ്ങാതിരുന്നതോടെയാണ് വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നുമാണ് പരാതി. സംഭവത്തില്‍ ജില്ലാ ജനകീയ നീതി വേദി, ജി.എച്ച്.എം തുടങ്ങിയ സംഘടനകളും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

യുവതിയെ കഞ്ചാവ് വില്‍പന സംഘം നിരന്തരം ചോദ്യം ചെയ്തുവന്നതായും സംഭവം യുവതി അമ്മാവനെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും സംഘം ശല്യം ചെയ്യാനെത്തിയപ്പോള്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ സുഹൃത്തായ എം എസ് എഫ് നേതാവിനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. എം എസ് എഫ് നേതാവ് അവിടെയെത്തിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളിലാക്കി സദാചാര ഗുണ്ടകള്‍ ബ്ലാക്‌മെയില്‍ ചെയ്യാനായി ഫോട്ടോയും വീഡിയോയും ഷൂട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം എം എസ് എഫ് നേതാവിന്റെ തനിനിറം പുറത്ത് എന്ന രീതിയിലാണ് യുവതിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാസങ്ങള്‍ക്ക് മുമ്പു നടന്ന സംഭവത്തിന്റെ വീഡിയോയും ഫോട്ടോയും ഇപ്പോള്‍ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ബ്ലാക്‌മെയിലിംഗ് തന്നെയാണെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ എം എസ് എഫ് നേതാവ് പോലീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ഭാവി ജീവിതത്തെ ഓര്‍ത്ത് രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല. ഇപ്പോള്‍ യുവതിയുടെ പരാതിയില്‍ കേസെടുത്ത യുവാക്കള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.

Related posts