മലപ്പുറം: കാലിക്കട്ട് സർവകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം. സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ വ്യാഴാഴ്ച എസ്എഫ്ഐ പ്രവർത്തകർ എംഎസ്എഫ് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
പ്രവർത്തകരുടെ വൻനിരയുമായി പ്രതിഷേധത്തിന് എത്തിയ എംഎസ്എഫ് സർവകലാശാലയ്ക്ക് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർത്തു അകത്തു കിടന്നു. എസ്എഫ്ഐയുടെയും യൂണിയൻ കലോത്സവത്തിന്റെയും ഫ്ളെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. സംഘർഷം നിയന്ത്രണാതീതം ആയതോടെ പോലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിക്കുകയായിരുന്നു.
അതിനിടെ ചിതറിയോടിയെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎസ്എഫ് മാർച്ച് നടക്കുന്പോൾ എസ്എഫ്ഐ പ്രവർത്തകരും സർവകലാശാല കാന്പസിനുള്ളിൽ തന്പടിച്ചിരുന്നു. എന്നാൽ പോലീസ് ഇടപെട്ടതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.