ഓപ്പറേഷന് തിയേറ്ററിനുള്ളില്‍ ശിരസ്സും കൈകളും പൂര്‍ണമായി മറയ്ക്കുന്ന ഹിജാബ് സമാനമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ ആവശ്യം തികച്ചും ന്യായമെന്ന് എംഎസ്എഫ്.
വിഷയം വിവാദവല്‍ക്കരിക്കുന്നത് സംഘപരിവാറാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി മാധ്യമങ്ങളോട് പ്രതികരിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്കിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓപ്പറേഷന് തിയേറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും ശിരസ്സും കൈകളും പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ അനുമതി തേടിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന് നല്കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിനി എഴുതിയ കത്തില്‍ 2018, 2021, 2022 ബാച്ചുകളിലെ ആറു വിദ്യാര്‍ത്ഥിനികളുടെ ഒപ്പുമുണ്ട്.
ഓപ്പറേഷന് തിയേറ്ററിനുള്ളില്‍ ശിരസ്സ് മറയ്ക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിര്‍ബന്ധമാണെന്നുമാണ് കത്തില്‍ പറയുന്നത്.
ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് മതപരമായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനൊപ്പം ഹോസ്പിറ്റല്‍, ഓപ്പറേഷന് റൂം ചട്ടങ്ങള്‍ പാലിക്കേണ്ടതുമുണ്ടെന്നും കത്തില്‍ പറയുന്നു.
കത്ത് കിട്ടിയതായി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനെറ്റ് ജെ മോറിസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഓപ്പറേഷന് തീയറ്ററില്‍ ഹിജാബ് അനുവദിക്കണമെന്ന എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരേ ഐഎംഎ രംഗത്തെത്തി.
തിയേറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സ്ക്രബ് ജാക്കറ്റുകളാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷന് തിയറ്ററുകളില്‍ ധരിക്കുന്നത്.
രോഗിയെ പരിചരിക്കുമ്പോള്‍ കൈകള്‍ ഇടക്കിടെ വൃത്തിയാക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് മുട്ടിന് മുകളില്‍ കയ്യിറക്കമുള്ള ജാക്കറ്റുകളുടെ രൂപകല്‍പ്പന.
ഇത് മാറ്റി കയ്യിറക്കമുള്ള സ്ക്രബ് ജാക്കറ്റുകള്‍ വേണമെന്നും ശിരസുമൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നുമാണ് ഏഴ് എംബിബിഎസ് വിദ്യാര്‍ത്ഥിനികള്‍ ഒപ്പിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നത്.