ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധിക ചുമതല വീണ്ടും എം. ഷാജിക്ക്. കെഎസ്ആർടിസിയിലെ ഫിനാൻഷൽ അഡ്വൈസർ ആൻഡ് ചീഫ് ഫിനാൻസ് ഓഫീസറാണ് എം. ഷാജി. മുമ്പും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഇടത്തരം ജീവനക്കാരുടെയും കീഴ്ത്തട്ട് ജീവനക്കാരുടെയും പേരിൽ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള ചുമതലയും അദ്ദേഹത്തിനുണ്ട്.
വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതലയും ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന എ. അനിൽകുമാറിനെ ഗതാഗതമന്ത്രി കെ. ബി. ഗണേശ് കുമാർ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി.അസിസ്റ്റൻഡ് പ്രൈവറ്റ് സെക്രട്ടറിയായാണ് അനിൽകുമാറിനെ നിയമിച്ചിട്ടുള്ളത്.
മാനേജ്മെന്റ് തലത്തിൽ ഉന്നത ബിരുദധാരിയും ദിർഘനാളായി കെഎസ്ആർടിസിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അനിൽകുമാറിന്റെ ഈ മേഖലയിലെ പരിചയ സമ്പത്ത് വിനിയോഗിക്കുകയാണ് മന്ത്രിയുടെ ലക്ഷ്യം.
പ്രദീപ് ചാത്തന്നൂർ