മുംബൈ: മേയ് 30 മുതൽ ജൂലൈ 14വരെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം മാത്രമേ ഒഴിവുള്ളൂ എന്ന് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ്. ആ ഒരു സ്ഥാനത്തിനായി ഋഷഭ് പന്ത്, വിജയ് ശങ്കർ, അജിങ്ക്യ രഹാനെ എന്നിവർ തമ്മിൽ മത്സരം നടക്കുന്നതായും പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിൽ പന്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. ലോകകപ്പ് സ്ഥാനത്തിനായി ശക്തമായ മത്സരമാണ് സഹതാരങ്ങൾക്ക് നൽകുന്നത് – പ്രസാദ് പറഞ്ഞു.
നിലവിൽ ഏകദിന ടീമിലില്ലെങ്കിലും സീനിയർ താരമായ രഹാനയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഓൾറൗണ്ട് മികവാണ് വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്താൻ നിർബന്ധിതമാക്കുക – പ്രസാദ് പറഞ്ഞു.