കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംഘടിത കുറ്റകൃത്യം കൂടി ചുമത്തി. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന് സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
അമിത സാമ്പത്തിക വരുമാനത്തിനായി ഒന്നാം പ്രതി ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി സ്കൂള്‍ തല പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് പരീക്ഷയുടെ തലേ ദിവസം പ്രവചനമെന്ന പേരില്‍ എംഎസ് സൊല്യൂഷന്‍സ് എന്ന യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ അര്‍ധവാര്‍ഷിക പരീക്ഷയില്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുളള എല്ല ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സ് പ്രവചിച്ച രീതിയില്‍ തന്നെയാണ് വന്നത്. സാധാരണ നിലയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പാസേജ് ചോദ്യത്തില്‍ അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകാറുളളത്. എന്നാല്‍, ഇക്കുറി ആറ് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എംഎസ് സൊല്യൂഷന്‍സ് പ്രവചിച്ചിരുന്നു.
ആറാമത്തെ ചോദ്യം ഏത് തരത്തിലാകുമെന്നും പ്രവചിച്ചു. ചോദ്യ പേപ്പര്‍ നേരത്തെ കാണാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ പ്രവചനം നടത്താന്‍ കഴിയില്ല. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഇത്തരത്തില്‍ കൃത്യമായി പ്രവചിച്ചതില്‍ നിന്ന് ചോദ്യ പേപ്പര്‍ ചോര്‍ച്ച നടന്നതായി സംശയിക്കാവുന്നതാണ്.
ചോദ്യ പേപ്പറുകളും ഒന്നാം പ്രതി ഷുഹൈബിന്റെ യൂട്യൂബ് വീഡിയോകളും ചോര്‍ന്ന വിഷയങ്ങളിലെ വിദഗ്ധരുടെ മൊഴികളും ഒരുമിച്ച് വിശകലനം ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ ചോര്‍ന്നതായി വ്യക്തമാകുന്നുണ്ട്. പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ സഹായത്തോടെ ചോദ്യപേപ്പറുകള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ബലമായി സംശയിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.