കോഴിക്കോട്: കാലത്തിന്റെ ഗതിപ്രവാഹം നിലച്ചു. മലയാള സാഹിത്യത്തിന്റെ ഇതിഹാസം എം.ടി. വാസുദേവന്‍ നായര്‍ (91) ഓര്‍മയുടെ നാലുകെട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രി പത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ സംബന്ധമായ അസുഖത്തെതുടര്‍ന്ന് പതിനൊന്നുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യുഎസില്‍ ബിസിനസ് എക്സിക്യൂട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യയാണ്.
ഈ മാസം 15നാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ നല്കി ജീവന് നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി സാഹിത്യലോകം പ്രാര്‍ഥനാ നിരതരായിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 11.50ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും അന്ത്യചുംബനം നല്കി.
ഏകാന്തയെ പ്രണയിച്ച സാഹിത്യകാരന് അന്ത്യേചാരമര്പ്പിക്കാന് എംടിയുടെ നടക്കാവ് കൊട്ടാരം റോഡിലെ “സിതാര’ യിലേക്ക് സാഹിത്യപ്രേമികളുടെയും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെയും ഒഴുക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്, നടന് മോഹന്‍ലാല്‍, സംവിധായകന് ഹരിഹരന്, മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ രാവിലെ എത്തി അന്ത്യോപചാരമര്‍പ്പിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രന്, എ. പ്രദീപ് കുമാര്‍, എം.വി. ശ്രേയാംസ് കുമാര്‍, പി.എം നിയാസ്, കെ.സി അബു എന്നിവര്‍ മരണ വിവരമറിഞ്ഞയുടന്‍ ആശുപത്രിയിലെത്തി. മന്ത്രി വി.അബ്ദുറഹ്മാന്, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ഡോ.എം.എന്‍ കാരശേരി, കെ.പി രാമനുണ്ണി, മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, പി. രഘുനാഥ്, പി.വി. ചന്ദ്രന്, ഡോ. എം.കെ മുനീര്‍ എംഎല്‍എ തുടങ്ങിയ നിരവധി പ്രമുഖരും വീട്ടിലെത്തി.
ഏഴര പതിറ്റാണ്ടുകാലത്തെ സാഹിത്യ ജീവിതത്തിനാണു തിരശീല വീണത്. മൂന്നുതലമുറയെ കഥകളുടെ ജ്ഞാനപീഠം കയറ്റിയ മഹാരഥന്റെ അന്ത്യം സാഹിത്യലോകത്തെ കണ്ണീരിലാഴ്ത്തി. നോവലിസ്റ്റ്, സാഹിത്യകാരന്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അനിതരസാധാരണമായ മികവോടെ വിരാജിച്ച ഇദ്ദേഹം 54 സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ ലഭിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് 1995-ല്‍ ജ്ഞാനപീഠം പുരസ്കാരം നല്കി രാജ്യം ആദരിച്ചു.
2005ല്‍ പത്മഭൂഷണ്‍ ലഭിച്ചു. അധ്യാപകന്, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച എംടിക്ക് എഴുത്തച്ഛന് പുരസ്കാരം, ജെസി ഡാനിയല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം എന്നിവ ലഭിച്ചു.1933 ജൂലൈ 15 ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ടി. നാരായണന് നായര്‍- അമ്മാളുഅമ്മ ദമ്പതികളുടെ മകനായാണ് എംടിയുടെ ജനനം.
23ാം വയസിലാണ് ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. എംടിയുടെ ഒമ്പത് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങള്‍ എന്ന ചെറു സിനിമകള്‍ ഈവര്‍ഷമാണ് പുറത്തിറങ്ങിയത്. ഇതില്‍ മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ വേഷമിട്ടു. 2013 സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങിയ ഹരിഹരന് സംവിധാനം ചെയ്ത ഏഴാമത്തെവരവ് എന്ന സിനിമയ്ക്കാണ് അവസാനമായി തിരക്കഥയൊരുക്കിയത്. രാഷ്ട്രദീപികയ്ക്കു വേണ്ടി മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് അന്തിമോപചാരമർപ്പിച്ചു.
സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
തിരുവനന്തപുരം: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ സംസ്ഥാന സർക്കാർ രണ്ട് ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റി. നവീകരിച്ച സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ എംടിയുടെ നിര്യാണത്തെ തുടർന്നും അതും മാറ്റി വച്ചു.