കോഴിക്കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത എഴുത്തുകാരന് എം.ടി. വാസുദേവന്‍നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോടു ചെറിയനിലയില്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറഞ്ഞനിലയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന് കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ ആരാഞ്ഞു. എംടിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറ്റു ജില്ലകളിലെ പരിപാടികള്‍ ഒഴിവാക്കി കോഴിക്കോട്ട് ക്യാമ്പ് ചെയ്യുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 91കാരനായ എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്കിടെ അസുഖം ഉണ്ടാകാറുള്ളതിനാല്‍ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രി വിടാറുണ്ട്. എന്നാല്‍ ഇന്നെല രാവിലെ അദ്ദേഹത്തിനു ഹൃദയാഘാതം അനുഭവപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ മോശമായത്. രാവിലെ പതിനൊന്നിനാണ് ഹൃദയാഘാതമുണ്ടായ കാര്യം മെഡിക്കല്ബുള്ളറ്റിനില് ഡോക്ടര്‍മാര്‍ അറിയിച്ചത്.
വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്. ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി, മരുമകന് ശ്രീകാന്ത് അടക്കമുള്ള എല്ലാ ബന്ധുക്കളും ആശുപത്രിയിലുണ്ട്. രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ നിരവധിപേര്‍ ആശുപത്രിയില്‍ എത്തി രോഗവിവരങ്ങള്‍ ആരാഞ്ഞു.