തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായർ.
കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തി.
എന്നും മതനിരപേക്ഷമായ ഒരു മനസ് കാത്തുസൂക്ഷിച്ചിരുന്നു എംടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എംടിയുടെ പല കഥാപാത്രങ്ങളും. ജനമനസുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി.
അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്കാരിക മാതൃകയായിരുന്നു എംടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവച്ചതെന്നും മുഖ്യമന്ത്രി അനു സ്മരിച്ചു.
മനുഷ്യജീവിതത്തെ ഇതിവൃത്തമാക്കിയ കഥാകാരൻ: ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ ജേതാവ് എം.ടി.വാസുദേവൻ നായരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു.
ആധുനികതയുടെ ഭാവുകത്വത്തിനു ചേർന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായും ആ പ്രസ്ഥാനത്തിന്റെ വക്താക്കളായ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച പത്രാധിപരായും മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് എംടി നൽകിയ സംഭാവന അതുല്യമാണ്.
കേരളീയ സമൂഹഘടനയിൽ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ ഇതിവൃത്തമാക്കിയ എംടി, സാഹിത്യത്തിലെയും ചലച്ചിത്രമേഖലയിലെയും ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണെന്ന് ഗവർണർ അനുസ്മരിച്ചു.