കൊച്ചി: “പിതാവിനെ നഷ്ടപ്പെട്ട ഒരു മകന്റെ ഹൃദയവേദനയിലാണ് ഞാനിപ്പോള്‍. വാസുവേട്ടന് എനിക്ക് അത്രമേല്‍ പ്രിയമുള്ള ആളായിരുന്നു. ഓരോ പുസ്തകവും അച്ചടിക്കായി ഏല്പിക്കുന്നത്, കഴിഞ്ഞ 25 കൊല്ലത്തിനിടയില്‍ ഒരുമിച്ചു നടത്തിയ എത്രയെത്ര യാത്രകള്‍, എപ്പോഴും ഒരു മകനോടുള്ള സ്നേഹവും കരുതലും തന്ന വാസുവേട്ടന് ഇനിയില്ലെന്ന വേദന താങ്ങാവുന്നതില്‍ അധികമാണ്.
നാലു ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടു മടങ്ങിയതാണ്…’ എം.ടി. വാസുദേവന്‍ നായരുടെ സന്തതസഹചാരിയായിരുന്ന തൃശൂര്‍ കറന്റ് ബുക്ക്സ് ഉടമ പെപ്പിന് തോമസ് മുണ്ടശേരിയുടെ വാക്കുകള്‍ ഇടറി.1956 ല്‍ പെപ്പിന്റെ പിതാവും കറന്റ് ബുക്ക്സ് ഉടമയുമായ തോമസ് മുണ്ടശേരിയുമായി തുടങ്ങിയതാണ് എംടിയുമായുള്ള സൗഹൃദം.
രണ്ടു മൂന്നു കഥാപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം നാലുകെട്ട് ആദ്യമായി അച്ചടിക്കുന്നത് തോമസ് മുണ്ടശേരിയാണ്. പിതാവിന്റെ മരണ ശേഷം പെപ്പിന് പ്രസിദ്ധീകരണ രംഗത്ത് എത്തിയതോടെ ഈ ബന്ധം കൂടുതല്‍ ഊഷ്മളമായി. എംടിയുടെ രണ്ടാമൂഴം ഉള്‍പ്പെടെ എഴുപത് ശതമാനം പുസ്തകങ്ങളും മറ്റു പബ്ലിഷേഴ്സിന്റെ കൈയില്‍നിന്ന് മടക്കിവാങ്ങി പെപ്പിനെ കൊണ്ട് അദ്ദേഹം പ്രസിദ്ധീകരിപ്പിച്ചു.
“കഴിഞ്ഞ 24 കൊല്ലമായി ഞാനും വാസുവേട്ടനും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി യാത്ര ചെയ്യുന്നു. യാത്ര പോകുന്നതിനു മുമ്പേ ട്രാവല്‍ ഏജന്‍സിയോട് സംസാരിക്കുമ്പോള്‍ എന്റെ കംപാനിയനോട് സംസാരിച്ചിട്ട് നിങ്ങളെ തിരിച്ചു വിളിക്കാം എന്നു പറയും. എന്നിട്ട് എന്നെ വിളിച്ചിട്ട് ഒരു യാത്രയുണ്ട്. നിന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുന്നു. ടിക്കറ്റ്, താമസം, യാത്രയിലെ മറ്റു കാര്യങ്ങളെല്ലാം നീ അവരുമായി സംസാരിക്കണം എന്നു പറയും.
അത്രമേല്‍ ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഓരോ യാത്രയിലും ഒരു എഴുത്തുകാരന് ഒരു കാര്യം കാണുമ്പോഴുണ്ടാകുന്ന എല്ലാ ഭംഗിയും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കിട്ടും. അദ്ദേഹത്തിന്റെ കണ്ണുകളിലൂടെയാണ് ഞാന്‍ ആ സ്ഥലങ്ങള്‍ കണ്ടിരുന്നത്. സ്ഥലത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, അവിടെ നടന്ന സംഭവങ്ങള്‍ എല്ലാം വിശദീകരിക്കും. ഓരോ സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോഴും അതേക്കുറിച്ച് നന്നായി പഠിച്ചിരിക്കും.
ആ സ്ഥലത്തെ ഓരോ കാഴ്ചകള്‍ കാണുമ്പോഴും വിഖ്യാത എഴുത്തുകാര്‍ എഴുതിയ പുസ്തകങ്ങളിലെ അതേ വാക്കുകള്‍ അദ്ദേഹം കൃത്യമായി വിവരിക്കും. യൂറോപ്പ്, സിങ്കപ്പൂര്‍ മലേഷ്യ ഉള്‍പ്പെടെ എത്രയെത്ര രാജ്യങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചു സന്ദര്‍ശിച്ചു. എട്ടു കൊല്ലം മുമ്പ് നടത്തിയ ദുബായ് യാത്രയായിരുന്നു ഒടുവിലത്തേത്. ഏതു രാജ്യത്തു പോയാലും അവിടെനിന്നു കിട്ടുന്ന ഭക്ഷണം കഴിക്കും.’- പെപ്പിന് തോമസ് പറഞ്ഞു.
- സീമ മോഹന്‍ലാല്‍