കൊച്ചി: അക്രമികൾ തകർത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ കാർ സയന്റിഫിക് ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നു പരിശോധിക്കുമെന്നു പോലീസ് വ്യക്തമാക്കി. നിലവിൽ കാർ നോർത്ത് പോലീസ് സ്റ്റേഷനിലേക്കു മാറ്റിയിരിക്കുകയാണ്.
പ്രതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായില്ലെങ്കിലും അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ചിറ്റൂർ റോഡിൽ പെരുവേലിൽ ലെയിനിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലത്താണു ഞായറാഴ്ചയും വാഹനം നിർത്തിയിട്ടിരുന്നത്.
ഈ വാഹനത്തോട് ചേർന്ന് മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നുവെങ്കിലും എം.ടി. രമേശിന്റെ വാഹനത്തിനുനേരേ മാത്രമാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണമുണ്ടായ സ്ഥലത്തിനു സമീപമാണു കാർ ഡ്രൈവർ താമസിച്ചുവരുന്നതെന്നും ഞായറാഴ്ച ഇത്തരത്തിൽ കാർ പാർക്ക് ചെയ്തശേഷം ഡ്രൈവർ താമസസ്ഥലത്തേക്കു മടങ്ങിയതിനു പിന്നാലെയാകാം ആക്രമണമെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു.
അതേസമയം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ കാറിനുനേരേ നടന്ന ആക്രമണത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടി വേണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് ആവശ്യപ്പെട്ടു. പോലീസ് സുരക്ഷയുള്ള വ്യക്തിയാണ് എം.ടി. രമേശ്. എന്നിട്ടും അക്രമികൾ ഇത്തരത്തിൽ മുന്നിട്ടിറങ്ങിയതിന്റെ ഗൗരവം കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.