ചേർത്തല: നരേന്ദ്രമോദിയെ എതിർക്കാനായി ഏത് രാജ്യദ്രോഹിയുമായും കൂട്ടുകൂടുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് അധഃപതിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. നഗരസഭ 22-ാം വാർഡിൽ കോണ്‍ഗ്രസ് പാർട്ടി വിട്ട് വന്നവർക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്.
പിൻവാതിലിലൂടെ അധികാരത്തിലേറാനുള്ള ശ്രമം അവസാനിപ്പിച്ചില്ലെങ്കിൽ കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമാകും. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഫണ്ട് ചെലവഴിച്ച കണക്കു ചോദിക്കുന്പോൾ മുഖ്യമന്ത്രി ദേഷ്യപ്പെട്ടിട്ട് കാര്യമില്ല.
എല്ലാം ശരിയാക്കാൻ കഴിഞ്ഞില്ലെങ്കിലും മഴ മൂലം ദുരിതമനുഭവിക്കുന്നവരെ നേരിൽ കാണാനെങ്കിലും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ബി. കെ നായർ അധ്യക്ഷനായി. ദക്ഷിണമേഖലാ പ്രസിഡന്റ് വെളളിയാകുളം പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് സാനു സുധീന്ദ്രൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു.
ടി. സജീവ് ലാൽ, സുമി ഷിബു, അരുണ്‍.കെ. പണിക്കർ, എം.എസ് ഗോപാലകൃഷ്ണൻ, എസ്. പത്മകുമാർ, പ്രേംകുമാർ, ആർ. രാജേഷ്, അനിൽകുമാർ കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.