കോഴിക്കോട്: കുറ്റ്യാടിയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രകടനത്തിലെ പ്രകോപന മുദ്രാവാക്യം തള്ളി ബിജെപി. മുദ്രാവാക്യത്തിലെ പരാമർശം പാർട്ടിനയമല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. വലിയ റാലിയില്‍ ചിലര്‍ വിളിച്ച മുദ്രാവാക്യം നിയന്ത്രിക്കാനായില്ല. ആരാണ് മുദ്രാവാക്യം വിളിച്ചെതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ വംശഹത്യകൾ ഓർമിപ്പിച്ച് ഭീഷണി മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ മുഴങ്ങിയത്. ഗുജറാത്ത് ഓർമയില്ലേ എന്നായിരുന്നു മുദ്രാവാക്യങ്ങളിലൊന്ന്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കോൺഗ്രസിനെയുമെല്ലാം കണക്കറ്റ് ചീത്തപറഞ്ഞുള്ള മുദ്രാവാക്യങ്ങളും റാലിയിലാകെ മുഴങ്ങി.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രകടനത്തിന് മുൻപ് പ്രദേശത്തെ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ബിജെപി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് “രാഷ്ട്രീയ റാലി’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. എം.ടി രമേശാണ് യോഗം ഉദ്ഘാടനം ചെയ്തത്.
വൻതോതിൽ വിമർശനം ഉണ്ടായതോടെയാണ് പ്രകോപന മുദ്രാവാക്യം തള്ളി ബിജെപി രംഗത്തെത്തിയത്. നേരത്തെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ അടക്കുമുള്ള നേതാക്കൾ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോടു സഹതാപം മാത്രമേയുള്ളൂ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചുള്ള മുദ്രാവാക്യമായിരുന്നു അതെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം.