മട്ടന്നൂർ: കേരളത്തിൽ മാർക്കിസ്റ്റ് പാർട്ടി ഓരോ ഇലക്ഷൻ കഴിയുമ്പോഴും തകർച്ചയിൽ നിന്ന് തകർച്ചയിലേക്കാണെന്നും അതുകൊണ്ടാണ് സിപിഎമ്മിൽ മാവോവാദികളും മതവർഗീയ വാദികളും കുടികൊള്ളുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ മട്ടന്നൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പൊതുഖജനാവിൽ നിന്ന് പണം എടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങൾ ചുറ്റുന്നതെന്നും എം.ടി.രമേശ് പറഞ്ഞു. യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ സ്ക്വയറിൽ നടത്തിയ പൊതുസമ്മേളനത്തിൽ യുവമോർച്ച മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ജിതിൻ കൂടാളി അധ്യക്ഷത വഹിച്ചു.
സി. സദാനന്ദൻ മാസ്റ്റർ, പി.എം.വേലായുധൻ, രാജൻ പുതുക്കുടി, രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുയോഗത്തിന്റെ മൂന്നോടിയായി കല്ലേരിക്കരയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ സ്ക്വയറിൽ സമാപിച്ചു.