പുനലൂർ: പ്രവാസി സുഗതന് ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്വം സിപിഐ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു . ബിജെപിയുടെ മലയോര ജനപക്ഷ യാത്രയുടെ ആയൂരിലെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ നേതാക്കള്‍ കുത്തിയ കൊടിയെടുക്കാന്‍ ചോദിച്ച പണം കൊടുക്കാനില്ലാത്തതിനാലാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്. എന്തിനും ഏതിനും ചുവന്ന കൊടി കാട്ടി ഭയപ്പെടുത്തുകയാണ്. പ്രവാസി മരിക്കാനിടയായ സംഭവത്തില്‍ കേരളത്തിലെ വകുപ്പ് മന്ത്രിമാര്‍ക്ക് ഇരട്ടത്താപ്പാണ്.
ഹരിയാനയില്‍ ജുനൈദിന്റെ കുടുംബത്തിനോടും സുഗതന്റെ കുടുംബത്തോടും പിണറായിക്ക് രണ്ടു നീതിയാണ്. ഇടതുമുന്നണിയുടെ ഒരു പ്രധാനപാര്‍ട്ടിയുടെ ധിക്കാരമായ നിലപാടിലാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തി അഞ്ച് വര്‍ഷത്തിന്റെ അനുഭവത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കൈയൊഴിഞ്ഞു. ത്രിപുരയിലേതിനേക്കാള് വേഗത്തില്‍ കേരളത്തിലെ സിപിഎമ്മിനെ ജനങ്ങള്‍ വലിച്ചെറിയും.
ത്രിപുരയില്‍ ഒരു സാധാരണക്കാരനായ നേതാവ് ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിലെ മുതലാളിമാരായ നേതാക്കള്‍ ആണ് സിപിഎമ്മിനെ നയിക്കുന്നത്. ഈ നാട്ടിലെ പാവപ്പെട്ടവന്റെ ജീവനെടുക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരെ അണിനിരക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ യാത്രയെ സ്വീകരിച്ചു.
ജില്ലാ സെക്രട്ടറി ആയൂർ മുരളി അധ്യക്ഷനായിരുന്നു . ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, സെക്രട്ടറി രാജിപ്രസാദ്, ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്, മാമ്പഴത്തറ സലീം, ഉമേഷ് ബാബു, വിളക്കുടി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.