ചെങ്ങന്നൂർ: വിധ്വംസക പ്രവർത്തനങ്ങളുടെ കേന്ദ്രമായി സർവകലാശാലകൾ മാറുകയാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരണ കൊടുക്കേണ്ട കലാലയ അധ്യാപകർ വിദ്യാർഥികളെ ദേശവിരുദ്ധരാക്കാനുള്ള ബോധപൂർവ ശ്രമം നടത്തുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ വിദ്യാലയങ്ങളെ ദേശീയതയ്ക്ക് എതിരായ സമരവേദിയാക്കാൻ ശ്രമിക്കുന്നു.
രാജ്യത്തിന്റെ പൊതു നിലപാടിനെതിരായി ചലിക്കുന്നത് ഒരു ഫാഷനായി മാറിയെന്നും സർവകലാശാലകളിൽ ദേശവിരുദ്ധർ ഇതിന് ചുക്കാൻ പിടിക്കുന്നു എന്നും എം.ടി. രമേശ് ആരോപിച്ചു. ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ പേരിശേരി ജിയുപി സ്കൂളിൽ നടന്ന സമ്മേളനത്തിന് അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ജെ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി.
ആർഎസ്എസ് ജില്ലാ സംഘചാലക് ഡി. ദിലീപ്, പുലിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സണ്‍ സി.എസ്. രാധാമണി, എൻജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രകാശ്, തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി. ശ്രീകുമാർ, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സുനിൽ കുമാർ, എൻടിയു ജില്ലാ സെക്രട്ടറി ആർ. രാജേഷ്, ജില്ലാ ട്രഷറർ എൻ. സതീഷ് എന്നിവർ പ്രസംഗിച്ചു.