ഏ.ജെ.വിൻസൻ
വാടാനപ്പള്ളി: ആഘോഷം കാരുണ്യത്തിന് വഴിമാറുകയാണ്; നൻമനിറഞ്ഞ മനസുകൾ ഇവിടെയിപ്പോഴുമുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ട്. കൊട്ടുപാട്ടും വന്പിച്ച ഓഫറുകളും പരസ്യങ്ങളുമൊക്കെയായി പണം വീശിയെറിഞ്ഞ് ആഘോഷം നടത്തുന്നതിന് പകരം തന്റെ കടയുടെ 25-ാം വാർഷികത്തിൽ 140 വൃക്കരോഗികൾക്ക് ഡയലൈസർ കിറ്റ് സൗജനമായി നൽകി സഹായിച്ചുകൊണ്ട് ഒരു യുവ വ്യാപാരി മാതൃകയാവുകയാണ്.
തന്റെ വ്യാപാരസ്ഥാപനം 25 വർഷം പിന്നിടുന്പോൾ അതിന്റെ ആഘോഷങ്ങൾ അർത്ഥവത്തായി എന്തെങ്കിലും ചെയ്തുകൊണ്ടായിരിക്കണമെന്ന വാടാനപ്പള്ളിയിലെ പ്രമുഖ സ്റ്റേഷനറി കടയായ ജനത ഫാൻസി ഉടമ എം.ടി.ടെന്നിയുടെ ചിന്ത ചെന്നെത്തിയത് വൃക്കരോഗത്താൽ ദുരിതമനുഭവിക്കുന്നവർക്കിടയിലാണ്.
വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ മുൻ വികാരി കൂടിയായിരുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവീസ് ചിറമ്മലിന്റെ പ്രഭാഷണമാണ് ടെന്നിയ്ക്ക് വൃക്കബാധിതരെ സഹായിക്കാൻ പ്രചോദനമായത്. പത്തു വൃക്കരോഗികൾക്ക് കടയുടെ വാർഷികത്തോടനുബന്ധിച്ച് സഹായം നൽകാമെന്നാണ് ടെന്നി ആദ്യം കരുതിയത്.
എന്നാൽ ആദ്യദിവസം തന്നെ പത്തുവൃക്കരോഗികൾ ടെന്നിയുടെ സഹായം തേടിയെത്തി. തുടർന്നുള്ള ദിവസങ്ങളിൽ സമീപ പഞ്ചായത്തുകളിൽ നിന്നും വൃക്കരോഗികൾ ടെന്നിയെ തേടിയെത്തി. അപ്പോഴാണ് പത്തുപേർ എന്നത് പരിമിതമായ കണക്കാണെന്ന് ടെന്നിക്ക് മനസിലായത്.
അതോടെ ടെന്നി വൃക്കരോഗികളെ സഹായിക്കുന്ന പദ്ധതി വിപുലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ മുതൽ ഗുരുവായൂർ വരെയും സമീപ പഞ്ചായത്തായ മണലൂർ, ചേർപ്പ്, പെരുന്പിള്ളിശേരി എന്നിവിടങ്ങളിലെയും വൃക്കരോഗികൾക്ക് ഡയാലൈസർ കിറ്റ് നൽകാൻ ടെന്നി തീരുമാനിച്ചതോടെ ആഘോഷം വേണ്ടെന്നും ഇത്തരത്തിൽ വൃക്കരോഗികളെ സഹായിക്കുന്ന പദ്ധതി മതിയെന്നും നിശ്ചയിച്ചു.
പേര് രജിസ്റ്റർ ചെയ്ത 110 പേർക്കും ബാക്കി 30 രോഗികൾക്കുള്ള 30 ഡയലൈസർ കിറ്റുകൾ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യക്കും കൈമാറും. ഡയാലിസിസ് യൂണിറ്റുള്ള ജില്ലയിലെഎല്ലാ ആശുപത്രികളിലും പൊതുവായി ഉപയോഗിക്കാവുന്ന തരം ബ്രാന്റഡ് കന്പനിയുടെ ഡയലൈസർ കിറ്റുകളാണ് നൽകുന്നത്.
ഇത് വാങ്ങാനായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ടെന്നി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേന അടച്ചത്.ഞാൻ ഈ ചെയ്യുന്നത് എല്ലാവരും മാതൃകയാക്കിയാൽ ഞാൻ ചെയ്യുന്ന പ്രവൃത്തി സഫലം. അല്ലാതെ പേരോ പ്രശസ്തിയോ അല്ല ഞാനുദ്ദേശിക്കുന്നത്. ഇതുപോലെ എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായം ചെയ്താൽ അത് എത്രയോ വൃക്കരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായകമാകുമെന്നോർക്കുക – ടെന്നി പറഞ്ഞു.
നാളെയാണ് ഡയലൈസർ കിറ്റുകൾ വിതരണം ചെയ്യുക. സ്ഥാപനത്തിലെ എല്ലാ ജോലിക്കാരുടെയും മക്കൾക്ക് അടുത്ത അധ്യായന വർഷത്തേക്ക് ഒരു സ്ക്കൂൾ ബാഗും ഒരു വാട്ടർബോട്ടിലും കൂടി നാളെ സൗജന്യമായി നൽകും. മൊത്തം 50 കുട്ടികൾക്കാണ് ഇത് നൽകുന്നത്. അപകടങ്ങളിൽ സൗജന്യ രക്ഷാപ്രവർത്തനം നടത്തുന്ന വാടാനപ്പള്ളി ആക്ട്സ് ആംബുലൻസിന് ഒരു ഫുൾ ടാങ്ക് ഡീസൽ പദ്ധതിയുമായി സഹകരിച്ച് ഒരു ഫുൾടാങ്ക് ഡീസലടിക്കുന്നതിന് പ്രതിമാസം മുവ്വായിരം രൂപയാണ് കഴിഞ്ഞ 14 മാസമായി ടെന്നി നൽകുന്നത്.
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയുടെ വാടാനപ്പള്ളി ചിലങ്ക ബീച്ചിലുള്ള പാതി വഴിയിൽ നിലച്ച വീടിന്റെ പണികൾ പൂർത്തികരിച്ചതും ടെന്നിയാണ്. പ്രളയകാലത്ത് മുന്തിയ ഇനം ആയിരം ബക്കറ്റുകളാണ് സൗജന്യമായി നൽകിയത്. പ്രളയദിനത്തിൽ ലാഭമെടുക്കാതെ പല സാധനങ്ങളും കന്പനി വിലയ്ക്ക് ടെന്നി വിറ്റിരുന്നു.
നാളെ രാവിലെ ഒന്പതിന് ജനത ഫാൻസി ഹൗസിന് സമീപം ചേരുന്ന ചടങ്ങിൽ ഡയലൈസർ കിറ്റ് വിതരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ മുൻ വികാരിയിരിക്കെ ഹൈന്ദവ സഹോദരന് വ്യക്കനൽക്കി കേരളത്തിൽ വൃക്കദാന സംസ്ക്കാരത്തിന് ചരിത്ര പരമായ തുടക്കമിട്ട ഫാ.ഡേവീസ് ചിറമ്മലാണ്.