കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിൽനിന്ന് 26 പവൻ സർണം മോഷ്ടിച്ച കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷ്റഫ്, നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്.
അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് എംടിയുടെ വീട്ടിൽനിന്നു മോഷണം പോയത്.
എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പോലീസാണു കേസെടുത്തത്. നോർത്ത് സോണ്‍ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമന്റെ നിർദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവി ടി. നാരായണന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസന്വേഷണം നടത്തിയത്.
വീടു കുത്തിത്തുറക്കാതെയാണു പ്രതികൾ മോഷണം നടത്തിയത്. ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷ്ടിച്ചിട്ടില്ല. അലമാര താക്കോൽ ഉപയോഗിച്ച് തുറന്നതുകൂടി കണക്കിലെടുത്ത് മോഷണം നടത്തിയതു സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണു പോലീസ് അന്വേഷണം നടത്തിയത്.
നടക്കാവ് സബ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ മൊഴി രഖപ്പെടുത്തവേ, എം.ടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നു.ശാന്തയെപ്പറ്റി രഹസ്യാന്വേഷണം നടത്തിയപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്.
ശാന്തയുടെ അകന്ന ബന്ധുവായ പ്രകാശിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തുകയും തുടർന്നു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും ചെയ്തതോടെ പ്രകാശും ശാന്തയും കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ മോഷ്ടിച്ച സ്വർണം വിറ്റ വിവരം പോലീസിനോടു സമ്മതിച്ചു.
കമ്മത്ത് ലെയ്നിലെ മൂന്നു കടകളിൽ മോഷണം സ്വർണം വില്പന നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം കമ്മത്ത് ലെയ്നിലെത്തി തെളിവെടുപ്പ് നടത്തി.
ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ അഷറഫ് തെങ്ങലക്കണ്ടിക്കായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഫിംഗർപ്രിന്റ്, സയിന്റിഫിക് വിദഗ്ധർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രാഥമിക ഘട്ടത്തിൽ ചോദ്യംചെയ്യേണ്ടവരെയും രഹസ്യനിരീക്ഷണം നടത്തേണ്ടവരുടെയും പ്രത്യേകം ലിസ്റ്റ് സിറ്റി ക്രൈം സ്ക്വാഡ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ തയാറാക്കി. ചെമ്മങ്ങാട് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ജില്ലയ്ക്കു പുറത്തുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിനു നിയോഗിച്ചു.
ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ എം.ടിയുടെ വീടുമായി ബന്ധപ്പെട്ട് പോലീസിനു സംശയമുള്ളവരെ കണ്ടെത്താനും ശ്രമമാരംഭിച്ചു. എംടിയുടെ ജന്മനാടായ കൂടല്ലൂർ, പട്ടാന്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. അതിനിടെയാണ് വീട്ടുജോലിക്കാരി ശാന്തയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്.