തിരുവനന്തപുരം: അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ടപ്പെടലിന്റെ വേദനയും ആഹ്ലാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു.
മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം.
ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ.
ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു.