കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ഞെട്ടി സിപിഎമ്മും കേരള ലിറ്ററേച്ചർ ഫെസ്റ്റ് (കെഎൽഎഫ്) സംഘാടകസമിതിയും. എംടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നു പാര്‍ട്ടി പത്രം വിശദീകരിക്കുമ്പോഴും സിപിഎമ്മിനുണ്ടായ ഞെട്ടല്‍ മാറിയിട്ടില്ല.
രാഷ്ട്രീയ എതിരാളികൾ പിണറായിക്കും പാർട്ടിക്കുമെതിരേ പ്രയോഗിക്കുന്ന നേതൃപൂജ എന്ന വാക്കുള്‍പ്പെടെ എംടി ഉപയോഗിച്ചതു തീര്‍ത്തും അപ്രതീക്ഷിതമായി.
എംടിയുടെ ശക്തമായ വിമര്‍ശനം നടക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പ്രമുഖ നേതാക്കളെല്ലാം കോഴിക്കോട്ടുണ്ടായിരുന്നു. ദേശാഭിമാനിയുടെ പുതിയ ഓഫീസ് തറക്കല്ലിടലുമായി ബന്ധപ്പെട്ടായിരുന്നു നേതാക്കള്‍ കോഴിക്കോട്ടെത്തിയിരുന്നത്.
എംടിയുടെ വിമര്‍ശനം സിപിഎമ്മിനോ, ഇടതു സര്‍ക്കാരിനോ എതിരല്ലെന്നു വരുത്താൻ നേതാക്കള്‍ ശ്രമിച്ചെങ്കിലും എതിരാളികളും വിമർശകരും എംടിയുടെ വാക്കുകൾ ഉപയോഗിച്ച് കനത്ത ആക്രമണമാണു നടത്തുന്നത്.
വിവാദ പ്രസംഗം സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദ്ദേശിച്ചല്ലെന്ന് എംടി അറിയിച്ചെന്നാണ് പാർട്ടി പത്രമായ ദേശാഭിമാനി വിശദീകരിക്കുന്നത്. വിവാദത്തിൽ അടിസ്ഥാനമില്ലെന്നും എംടി അറിയിച്ചതായി പത്രത്തിലുണ്ട്.
മാധ്യമങ്ങൾ കൽപ്പിച്ചു പറയുന്ന വിവാദത്തിനും ചർച്ചയ്ക്കും താനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണു താൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെയും മറ്റും വലിച്ചിഴക്കേണ്ടതില്ലെന്നും എംടി പറഞ്ഞുവെന്നു പാര്‍ട്ടിപത്രത്തിൽ വിശദീകരിക്കുന്നു.
ഇന്നലെ സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയന് ഇരിക്കെയാണ് എംടി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്.
അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആയി മാറിയെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നുമാണ് എംടി തുറന്നടിച്ചത്. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റുപറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു.