തലശേരി: പിപിഇ കിറ്റ് ധരിച്ച് ഹോം അപ്ലയൻസ് കടയിൽ കവർച്ച നടത്തിയ ഇരിട്ടി സ്വദേശിയായ പ്രതി പയ്യോളിയിൽ അറസ്റ്റിൽ.
ഇരിട്ടി മുഴക്കുന്ന് പറമ്പത്ത് വീട്ടിൽ മുബഷിറിനെ (28) യാണ് പയ്യോളി സിഐ എം.പി ആസാദ്, എസ്ഐമാരായ എ.കെ സജീഷ്, സി.എച്ച് ഗംഗാധരൻ, എഎസ്ഐ ബിനീഷ്, രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പയ്യോളിയിലെ ഗുഡ് വെ ഹോം അപ്ലയൻസിന്റെ പിൻഭാഗത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഹോം തീയറ്റർ, മിക്സി, ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും 30,000 രൂപയും കവരുകയായിരുന്നു.
സിസി ടിവി യിൽ നിന്ന് രണ്ട് മണിക്കൂർ പ്രയത്നത്തിനൊടുവിൽ ചെരുപ്പ് തിരിച്ചറിഞ്ഞ പോലീസ് സംഘം ചെരുപ്പിന് പിന്നാലെ നടത്തിയ യാത്രയിലാണ് പ്രതി വലയിലായത്.
പിപിഇ കിറ്റിൽ കാൽ പാദത്തിൽ ധരിക്കേണ്ട കിറ്റിന്റെ ഭാഗം ധരിക്കാതിരുന്നതാണ് പ്രതിയെക്കുറിച്ച് ആദ്യ സൂചനകൾ പോലീസിന് ലഭിച്ചത്.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിരവധി കവർച്ച കേസുകളിൽ പ്രതിയായ ഷുഹൈബ് 2017 ലാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
2017 നു ശേഷം ഇയാൾ കൊയിലാണ്ടിയിലും വടകരയിലും പയ്യന്നൂരിലും തലശേരിയിലും ഇരിട്ടിയിലും കവർച്ചകൾ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വടകരയിൽ യുവതിയെ പ്രേമിച്ച് വിവാഹം കഴിച്ച ഷുഹൈബ് കൊയിലാണ്ടിയിൽ താമസിച്ചു കൊണ്ടാണ് കവർച്ച നടത്തിയത്. പന്ത്രണ്ട് സിം കാർഡുകൾ സ്വന്തമായുള്ള പ്രതിയുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ എം.പി ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു.