ഒരു മാസം മുമ്പ് കാണാതായ മാണിക്കോത്ത് മഡിയനിലെ പടിഞ്ഞാര്‍ വളപ്പില്‍ പരേതനായ ഹസന്റെ മകള്‍ ഫാത്തിമത്ത് മുബ്ഷിറ(16) യെ കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് മുബ്ഷിറയെ കണ്ടെത്തിയത്. പെരിയ ഡോ. അംബേദ്കര്‍ കോളജിലെ വിദ്യാര്‍ഥിയായ ഫാത്തിമത്ത് മുബഷിറയെ ഡിസംബര്‍ ഒമ്പതിനാണ് കാണാതായത്. പുല്ലൂര്‍ സ്വദേശിയും സഹ വിദ്യാര്‍ഥിയുമായ നിയാസി(17) നേയും ഇതിനൊപ്പം കാണാതായിരുന്നു. എന്നാല്‍ ഈ കുട്ടിയെ കണ്ടെത്തിയോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
മുബ്ഷിറയെ കാണാതായതുമായി ബന്ധപ്പെട്ട ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെയായിരുന്നു- വീട്ടില്‍നിന്ന് പോകുമ്പോള്‍ കുട്ടിയുടെ കൈയില്‍ ആറുപവന്‍ ആഭരണങ്ങളുണ്ടായിരുന്നു. കാണാതായതിന്റെ ഒരാഴ്ച പിന്നിട്ടപ്പോള്‍ പാണത്തൂര്‍ സ്വദേശികളായ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ മാതാവ് സുബൈദയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ തന്നാല്‍ മകളെ തിരിച്ചെത്തിക്കാമെന്ന് പറഞ്ഞുവത്രെ.
ഇതേത്തുടര്‍ന്ന് മാതാവ് ഇവര്‍ക്ക് 20,000 രൂപ നല്‍കിയിരുന്നു. അതിനുശേഷം യാതൊരു വിവരവുമില്ല. ഇക്കാര്യം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നു ഇതിലൊരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പറ്റാത്തതിനെ തുടര്‍ന്നു മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കാണാതായശേഷം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. അതേസമയം, പെണ്‍കുട്ടി ശനിയാഴ്ച്ച രാത്രിയോടെ കാസര്‍ഗോഡ് എത്തിക്കുമെന്നാണ് വിവരം.