മലപ്പുറം: എംഎസ്എഫിന്റെവനിതാ വിഭാഗമായ ‘ഹരിത’യും എംഎസ്എഫും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നതായി സൂചന.
കഴിഞ്ഞ ദിവസം മലപ്പുറം ലീഗ് ഓഫീസില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് പ്രശ്നം രമ്യതയിലെത്തിക്കാന്‍ ശ്രമമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു എംഎസ്എഫ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തേക്കും. അതോടൊപ്പം ഹരിത നേതാക്കള്‍ വനിതാ കമ്മീഷനു നല്കിയ പരാതിയും പിന്‍വലിച്ചേക്കും.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ രണ്ടാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്യും. കബീര്‍ മുതുപറമ്പ്, വി.എ. അബ്ദുള്‍ വഹാബ് എന്നി നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും.
ഇന്നു ഉച്ചയോടെ ഇതുസംബന്ധിച്ചു ലീഗ് നേതൃത്വം തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിംലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗങ്ങളുമായി കഴിഞ്ഞ ദിവസം ദൈര്‍ഘ്യമേറിയ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, എം.കെ. മുനീര്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്.
ഹരിത സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമാണ് സഷ്ടിച്ചത്.
ജൂണില്‍ കോഴിക്കോട്ടു നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടനാ നേതാക്കള്‍ ഹരിത നേതാക്കളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി.
സമ്മര്‍ദത്തിനൊടുവില്‍ തടിയൂരി മുസ്ലിം ലീഗ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്ക് ‘പണി’ കൊടുത്ത് ഒടുവില്‍ ഹരിത വിജയം. ‘ഹരിത’യിലെ വിദ്യാര്‍ഥിനികളോട് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ആരോപണവിധേയര്‍ക്കെതിരേ ലീഗ് നേതൃത്വം നടപടി എടുക്കാന്‍ തീരുമാനിച്ചത് ശക്തമായ സമ്മര്ദത്തത്തുടര്ന്ന്.
എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തെഹ്ലിയയുടെ ശക്തമായ നിലപാടും വാര്‍ത്താസമ്മേളനവുമാണ് ഒടുവില്‍ ലീഗിനെ നടപടിയിലേക്ക് നയിച്ചത്.
പാര്‍ട്ടിയെ തള്ളാതെ ശക്തമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ട് ഫാത്തിമ നടത്തിയ വാര്‍ത്താസമ്മേളനം വലിയ പ്രതിസന്ധിയാണ് ലീഗില്‍ സൃഷ്ടിച്ചത്.
പരാതി വനിതാകമ്മീഷനില്‍ എത്തിച്ചതില്‍ ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെങ്കിലും പരാതിക്കാരായ പത്ത് വനിതകള്‍ക്കെതിരേ നടപടി എടുത്താല്‍ സത് ബൂമറങ്ങാകുമെന്ന തിരിച്ചറിവാണ് നേതൃത്വത്തെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.
പരാതിയില്‍ നടപടി എടുക്കാന്‍ രണ്ടാഴ്ച സമയം നല്കിയ ഹരിത നേതൃത്വത്തിന്റെ സമീപനം ഒടുവില്‍ വിജയിച്ചു. നിലവില്‍ ഹരിതയുടെ പ്രവര്‍ത്തനം ലീഗ് നേതൃത്വം ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടാകുമോ എന്നകാര്യത്തില്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
പരാതിക്കാരായ യുവതികള്‍ വിവിധ സ്ഥലങ്ങളിലായതിനാല്‍ മൊഴി രേഖപ്പെടുത്തുന്നതില്‍ കാലതാമസം നേരിട്ടിരുന്നു.
അതേസമയം വനിതാ കമ്മീഷനില്‍ പരാതി നല്കിയവര് ഇതേകാര്യങ്ങള്‍ തന്നെ പോലീസിന് മുമ്പാകെയും മൊഴിയായി നല്‍കുകയും ചെയ്തു.
സമ്മര്ദ്ധമുണ്ടെങ്കിലും പരാതിയില്‍ നിന്ന് പിന്മാറില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും ഹരിതനേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ഐപിസി 354 എ (നാല്) -സ്ത്രീകളോട് ലൈംഗിക ചുവയോടെയുള്ള സംസാരം, ഐപിസി 509 -സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് അന്വേഷണത്തിന് വനിത ഇന്‍സ്പെക്ടറെ നിയോഗിക്കുകയായിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റടക്കമുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് ‘ഹരിത’ നല്കിയ പരാതി വനിത കമ്മീഷന് പോലീസിന് കൈമാറിയതോടെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കാമ്പസുകള്‍ക്ക് പുറത്ത് ഹരിതയുടെ ഇടപെടലുകള്‍ ലീഗ് നേതൃത്വത്തിന് അലോസരമുണ്ടാക്കിയിരുന്നു.