വ്യത്യസ്തകളെയും നവീന ആശയങ്ങളെയും അത്രകണ്ട് ആവേശത്തോടെയല്ല പൊതുവേ മലയാളികള്‍ സ്വീകരിക്കാറ്. അത്തരത്തിലുള്ള ഒരു തണുപ്പന്‍ സ്വീകരണമാണ് മണല്‍ വീട് എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കിടെക്ട് ജി ശങ്കറിനും ലഭിച്ചത്.
എന്നാല്‍ തന്റെ ആശയം മികച്ചതായിരുന്നു എന്ന് കാലം തെളിയിക്കുമെന്നാണ് അദ്ദേഹം, തന്നെ സംശയത്തോടെ വീക്ഷിച്ചവരോട് പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞതുപോലെ കാലം, അല്ല പ്രളയം അത് തെളിയിക്കുക തന്നെ ചെയ്തു.
സിദ്ധാര്‍ഥ എന്ന മണ്‍വീട് വയ്ക്കുമ്പോള്‍ ശങ്കര്‍ നേരിട്ട പ്രധാനചോദ്യം മണ്‍വീടിന്റെ ഉറപ്പിനെയും പ്രതിരോധശേഷിയേയും കുറിച്ചായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു, പ്രകൃതിശക്തികള്‍ക്ക് അതിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന്. പരിസ്ഥിതി സൗഹാര്‍ദ വീടുകളുടെ പ്രചാരകനായ അദ്ദേഹം പറഞ്ഞതുപോലെ തന്നെ കൊടുംപ്രളയത്തെപ്പോലും അതിജീവിച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ് സിദ്ദാര്‍ഥ എന്ന അദ്ദേഹത്തിന്റെ മണ്‍വീട്.
മണ്‍വീട്ടിലും വെള്ളം കയറിയിരുന്നെങ്കിലും ഈര്‍പ്പം തങ്ങി നിന്നതിന്റെ പാടുകള്‍ ഒഴിച്ചാല്‍ യാതൊരു കേടുപാടും വീടിന് സംഭവിച്ചിട്ടില്ല. അത് വെയില്‍ ഉറയ്ക്കുന്നതോടെ മാറുകയും ചെയ്യും. വെള്ളം കയറിയ സമയത്തെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
ഇപ്പോള്‍ വെള്ളമിറങ്ങിയ ശേഷമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കു വച്ചുകൊണ്ടാണ് ശങ്കര്‍ മണ്‍വീടിന്റെ ഉറപ്പിനെ വെളിപ്പെടുത്തുന്നത്. വീടിന്റെ ബലത്തെ സംശയിച്ച പലരും ഇപ്പോള്‍ അത്ഭുതംകൂറുകയാണ്. വരും കാലങ്ങളില്‍ മണല്‍വീടിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് ശങ്കര്‍ ഇപ്പോള്‍ പ്രത്യാശിക്കുന്നത്.