വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിന്റെ വികസനത്തിൽനിന്നും മുഖംതിരിഞ്ഞു നില്ക്കുന്ന വണ്ടാഴി പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടുകൾക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത കടന്നുപോകുന്ന മുടപ്പല്ലൂർ ടൗണ്‍, മഴപെയ്താൽ വെള്ളത്തിൽ മുങ്ങും. മുട്ടോളം മലിനജലം ഉയർന്നു കടകളിലേക്കും പാതയോരത്തെ വീടുകളിലേക്കും വെള്ളം കയറും.
കാൽനടയാത്രക്കാരും വിദ്യാർഥികളും പ്രായമായവരും വെള്ളക്കെട്ടു നിറഞ്ഞ ടൗണിലൂടെ നടക്കുന്പോൾ കുഴികളിൽവീണ് അപകടങ്ങൾ പതിവാണ്. ടൗണിലെ വെള്ളം പോകാൻ വർഷങ്ങൾക്കുമുന്‍പ് ലക്ഷങ്ങൾ ചെലവഴിച്ച് അഴുക്കുചാലുകൾ നവീകരിച്ചെങ്കിലും വെള്ളം ഒഴുകിപോകുന്നതിനു ചാലുകൾ സഹായകമായിട്ടില്ല.
കക്കൂസ് മാലിന്യം ഉൾപ്പെടെ മഴവെള്ളത്തിനൊപ്പം ടൗണിൽ മലിനജലം പരന്നൊഴുകുന്നതിനാൽ മഴയ്ക്കുമുന്പേ പകർച്ചവ്യാധികൾ പടരുന്ന സ്ഥിതിയാണ്. ടൗണിലെ മെർക്കുറി ലൈറ്റ് കണ്ണടച്ചിട്ട് കാലങ്ങളായി. കഐസ്ഇബിയും പഞ്ചായത്തും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുകയാണെന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായ ഏകോപനസമിതി പഞ്ചായത്ത് അധികൃതർക്ക് നല്കിയ നിവേദനത്തിൽ പറയുന്നു.
ടൗണിൽ മംഗലംഡാം റോഡിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി ഒരുവർഷം കഴിഞ്ഞിട്ടും പുതിയ ഷെഡ് നിർമിക്കാൻ ഇനിയും നടപടിയായിട്ടില്ല. ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ നിർമിക്കുമെന്ന് പറഞ്ഞായിരുന്നു നിലവിലെ ഷെഡ് പൊളിച്ചുമാറ്റിയത്.
നിലവിൽ മഴയത്തും വെയിലത്തും യാത്രക്കാർക്ക് ബസ് കാത്തുനില്ക്കണമെങ്കിൽ കടക്കാരുടെ കാരുണ്യം വേണം. യഥാസമയം അഴുക്കുചാലുകൾ വൃത്തിയാക്കാത്തതുമൂലം മുടപ്പല്ലൂർ ടൗണ്‍ യാത്ര ദുരിതപൂർണമാണെന്നും ടൗണിലെ വൈദ്യുതിയുടെ ഒളിച്ചുകളിക്ക് പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് എ.കെ.അബ്ദുള്ള, ജനറൽ സെക്രട്ടറി എ.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാരികൾ ടൗണിന്റെ വികസന മുരടിപ്പിനെതിരേ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നല്‍കിയത്.