സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോട്ടൺഹിൽ ഗവ. എൽപി സ്കൂളിൽ കുട്ടികൾക്കൊപ്പം ഊണിനിരുന്ന മന്ത്രിക്കു വിളന്പിയ പാത്രത്തിൽ തലമുടി കണ്ടെത്തി.
ഊണു മതിയാക്കിയ മന്ത്രിക്കു വേറെ പാത്രത്തിൽ ഊണു നൽകി സ്കൂളുകാർ തടിയൂരി. ഇന്നലെ ഉച്ചയ്ക്കാണു മന്ത്രി ജി.ആർ. അനിൽ സ്കൂൾ സന്ദർശിച്ചത്.
സ്കൂളുകളിലെ ഭക്ഷ്യവിഷബാധ സർക്കാരിനുണ്ടാക്കിയ നാണക്കേട് മാറ്റാനാണു മന്ത്രി വി.ശിവൻകുട്ടിക്കു പിന്നാലെ മന്ത്രി ജി.ആർ. അനിൽ എത്തിയത്. മന്ത്രിയുടെ വരവറിഞ്ഞ് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും ചാനൽ കാമറകളുമെത്തി.
കുട്ടികൾക്കൊപ്പം ഊണിനിരുന്ന മന്ത്രി ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചു വിലയിരുത്തി ഊണു കഴിക്കുന്പോഴാണു ചോറിൽ തലമുടി കണ്ടത്.
ചാനലുകളിൽ ഈ രംഗം ലൈവായി വരികയും ചെയ്തു. മുടി എടുത്തുകളഞ്ഞ മന്ത്രി പാത്രത്തിലെ ചോറ് നീക്കിവച്ച് ഭക്ഷണം കഴിക്കുന്നതു മതിയാക്കി. പിന്നീടു മന്ത്രിക്കു പുതിയ പാത്രത്തിൽ ഊണു നൽകുകയായിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നു മന്ത്രി പ്രതികരിച്ചു. നല്ല വൃത്തിയുള്ള പാചകപുരയിൽത്തന്നെയാണു ഭക്ഷണം ഉണ്ടാക്കുന്നതെന്ന് പാചകപ്പുര പരിശോധിച്ച ശേഷം മന്ത്രി പറഞ്ഞു.
ആയിരത്തിലധികം കുട്ടികൾക്കു ഭക്ഷണം തയാറാക്കാൻ കുറച്ച് ജീവനക്കാർ മാത്രമേ ഉള്ളൂ. അതുകൊണ്ടു ധൃതിപിടിച്ച് ജോലി തീർക്കേണ്ട സാഹചര്യം നേരിട്ട് കണ്ടതാണ്.
ജോലിക്കു കൂടുതൽ സഹായികൾ ആവശ്യമാണ്. എന്തായാലും കുട്ടികൾക്കു നൽകുന്ന ഭക്ഷണം കുറച്ചുകൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
കുട്ടികൾക്കു മെച്ചപ്പെട്ട ഭക്ഷണം ലഭിക്കുക എന്നതാണ് സ്കൂളുകളിലെ സന്ദർശനം വഴി ലക്ഷ്യമിടുന്നത്- മന്ത്രി പറഞ്ഞു. കൗണ്സിലർ രാഖി രവികുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.