ആലപ്പുഴ: കുറഞ്ഞ നിരക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ പത്രങ്ങളുടെ മൂല്യം പുനർനിർണയിച്ചു. 50, 100 രൂപ മൂല്യമുള്ള പത്രങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനായി അഞ്ച് രൂപ, പത്ത് രൂപ, പത്രങ്ങളാണ് മൂല്യമുയർത്തി സീൽ ചെയ്ത് ജില്ലാ സ്റ്റാന്പ് ഓഫീസറുടെ ഒപ്പോടെ വിപണിയിലെത്തിച്ചത്. അഞ്ചുരൂപയുടെ പത്രം 50 രൂപയുടെതും.പത്തുരൂപയുടേത് 100 രൂപയുടേതുമായാണ് പുനർമൂല്യ നിർണയം ചെയ്തിരിക്കുന്നത്.
കുറഞ്ഞമൂല്യത്തിലുള്ള പത്രങ്ങളുടെ ക്ഷാമം മൂലം കരാർ ഉടന്പടികൾ, വാടക ചീട്ട്, സമ്മത പത്രം, സാക്ഷ്യപത്രങ്ങൾ, സാമൂഹ്യക്ഷേമപദ്ധതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.പലരും 500 രൂപയുടെയും ആയിരം രൂപയുടെയും പത്രം വാങ്ങിയാണ് ഈ പ്രശ്നം തരണം ചെയ്തത്.
കഴിഞ്ഞ ജനുവരി മുതൽ തന്നെ സംസ്ഥാനത്ത് കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയരുന്നു. ആദ്യഘട്ടത്തിൽ 50തിന്റെയും നൂറിന്റെയും മുദ്രപത്രങ്ങൾക്കാണ് ക്ഷാമം അനുഭവപ്പെട്ടത്. 20തിന്റെയും 10ന്റെയും പത്രങ്ങൾ പകരം നൽകിയാണ് ആധാരം എഴുത്തുകാർ പ്രശ്നം താത്ക്കാലികമായി പരിഹരിച്ചിരുന്നത്.
എന്നാൽ മാർച്ച്മാസം അവസാനത്തിലെത്തിയതോടെ ഇത്തരത്തിൽ പത്രങ്ങൾ നൽകാനും ക്ഷാമം മൂലം കഴിയാത്ത അവസ്ഥയായിരുന്നു. പരാതികൾ വ്യാപാകമായതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം മുതൽ ചെറിയ മൂല്യമുള്ള പത്രങ്ങൾ പുനർമൂല്യനിർണയം നടത്തി വിപണിയിലെത്തിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കേന്ദ്ര സർക്കാർ പ്രസ്സിൽ നിന്നാണ് മുദ്രപത്രങ്ങൾ സംസ്ഥാനത്തേക്കെത്തിക്കുന്നത്.
സംസ്ഥാനത്തെ മുദ്രപത്ര ക്ഷാമം നിയമസഭയിലടക്കം ചർച്ചയായതിനെത്തുടർന്ന് മുദ്രപത്രങ്ങളെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപമുയരുന്നത്. മാർച്ച് മാസത്തിലെ സംസ്ഥാന സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കുറഞ്ഞമൂല്യമുള്ള പത്രങ്ങളുടെ ലഭ്യതകുറവ് സർക്കാർ കണ്ടില്ലെന്ന് നടിച്ചതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.