പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ പെരുനാട് സ്വദേശിനിയായ അഭിരാമി(12)യുടെ മരണത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു ഗുരുതര അനാസ്ഥയുണ്ടായതായി എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍.
ആരോഗ്യവകുപ്പ് നല്കിയ മൂന്നു ഡോസ് വാക്സിനുകളും സ്വീകരിച്ച അഭിരാമിയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജില്ലയിലെ വിവിധ എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിര്‍ധന കുടുംബത്തിനു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. റാന്നി പെരുനാട് മന്ദപ്പുഴ ഷീലാഭവനില്‍ ഹരിഷ്കുമാറിന്റെയും രജനിയുടെയും മകളായ അഭിരാമി(12)യെ ഓഗസ്റ്റ് 13ന് രാവിലെ വീടിനു സമീപം പാലുവാങ്ങാന്‍ പോകുമ്പോഴാണ് നായ കടിക്കുന്നത്.
നിലത്തുവീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും നായ കടിച്ചു. കണ്ണിനു സമീപം ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.
മാതാപിതാക്കള്‍ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിരാമിയെ ആദ്യം എത്തിച്ചുവെങ്കിലും അവിടെ ആരും ഇല്ലാതിരുന്നതിനാല്‍ വിവരം അറിഞ്ഞെത്തിയ പെരുനാട് പോലീസാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട വാഹനസൗകര്യം ചെയ്തു കൊടുത്തത്.
പെരുനാട് ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടായിട്ടും ഡ്രൈവര്‍ ഇല്ലായിരുന്നു.
മുറിവ് കഴുകിയത്
പത്തനംതിട്ട ജനറല്‍ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ കിട്ടാൻ മൂന്നു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. മുറിവ് വൃത്തിയാക്കാനുള്ള സോപ്പ് വാങ്ങാന്‍ മാതാപിതാക്കളെ പുറത്തേക്കു പറഞ്ഞുവിട്ടു.
പിന്നീട് മാതാപിതാക്കളെക്കൊണ്ടാണ് മുറിവ് കഴുകിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ ഗുരുതര കൃത്യവിലോപമാണ് കാണിച്ചത്.
പേവിഷബാധയുള്ള നായയാണ് കടിച്ചതെന്നു സംശയിക്കുന്നതായി ഡ്യൂട്ടിയിലുള്ള ഡോക്ടറോടു പറഞ്ഞിട്ടും ഗൗനിച്ചില്ല. കണ്ണിനു സമീപമുള്ള മുറിവ് ആഴത്തിലുള്ളതായതിനാല്‍ ഇതിലെ ഗൗരവം ചികിത്സിച്ച ഡോക്ടര്‍ കാട്ടിയില്ല.
കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു.
തുടര്‍ന്ന് കുട്ടിക്ക് ആദ്യ വാക്സിന് നല്കി. മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നു പറഞ്ഞു കുട്ടിയെ 15ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് 16നും 20 നും പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി വാക്സിന് എടുത്തു.
കുട്ടിയുടെ മുഖത്തെ മുറിവിന്റെ ഗൗരവം അപ്പോഴും ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞില്ല. ആരോഗ്യസ്ഥിതി മോശമായതിനേ തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് കുട്ടിയെ വീണ്ടുംപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയുമായിരുന്നു.
ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥമൂലമാണ് കുട്ടിക്കു മരണം സംഭവിച്ചതെന്ന് എസ്എന്‍ഡിപി യൂണിയന് ആരോപിച്ചു.
ആരോഗ്യമന്ത്രി വീട് സന്ദര്‍ശിച്ചില്ല
അഭിരാമിയുടെ മരണത്തെത്തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. ഇതു സംബന്ധിച്ചു ജില്ലാ കളക്ടര്‍ക്ക് എസ്എന്‍ഡിപി യൂണിയനുകള്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി തയാറായില്ല. സര്‍ക്കാരിന്റെ പ്രതിനിധികളോ ജില്ലാ കളക്ടറോ ഡിഎംഒയോ വന്നില്ല.
റാന്നി, പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല , കോഴഞ്ചേരി എസ്എന്‍ഡിപി യൂണിയന് ഭാരവാഹികളാണ് സംയുക്തമായി രംഗത്തെത്തിയിരിക്കുന്നത്.
കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ അലംഭാവമുണ്ടായാല് നിയമ നടപടികള്‍ക്കും സമരപരിപാടികള്‍ക്കും യൂണിയനുകള്‍ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി. എസ്. വിജയന്, റാന്നി യൂണിയന് അഡ്മിനിസ്ട്രറ്റര്‍ മണ്ണടി മോഹനന്, പത്തനംതിട്ട യൂണിയന് സെക്രട്ടറി ഡി. അനില്‍കുമാര്‍, അടൂര്‍ യൂണിയന് ചെയര്മാന് എം. മനോജ് കുമാര്‍, തിരുവല്ല യൂണിയന് സെക്രട്ടറി അനില്‍ എസ്.ഉഴത്തില്‍, അഭിരാമിയുടെ വല്യച്ഛന് പി.കെ. ശശി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.