പാലക്കാട്: പല കാര്യങ്ങളിലും അഭിപ്രായം പറയുന്ന മോദി ഒരുവർഷത്തിനിടെ പന്ത്രണ്ടായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. പാലക്കാട് ടോപ് ഇൻ ടൗണിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനമാണ് കേരളം കൈക്കൊള്ളുന്നത്. എന്നിട്ടും വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്‌ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യു ഡി എഫ് സർക്കാർ കേരളത്തിൽ അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
ഇന്ദിരാഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരെല്ലാം ഭാരതത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമാക്കിയത്. രാഷ്ട്രീയ ലക്ഷ്യം നോക്കി കേരളത്തെ പിന്നോട്ടു കൊണ്ടുപോകാൻ ഒരു കോൺഗ്രസ് സർക്കാരും ശ്രമിച്ചിട്ടില്ല. രാജ്യത്തിന്‍റെ സമഗ്ര നേട്ടമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. ഇതിനെ പുറകോട്ടടിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ചടങ്ങിൽ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ അധ്യക്ഷനായിരുന്നു. മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ, മുൻ എംപി വി.എസ്.വിജയരാഘവൻ, മുൻ ഡിസിസി പ്രസിഡന്‍റ് സി.വി.ബാലചന്ദ്രൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി, കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, മുൻമന്ത്രി വി.സി. കബീർ, മുൻ എംഎൽഎ കെ.എ.ചന്ദ്രൻ, എഐസിസി അംഗങ്ങളായ ശാന്താജയറാം, വിജയൻ പൂക്കാടൻ, ഡിസിസി വൈസ് പ്രസിഡന്റുമാരായ സുമേഷ് അച്യുതൻ, പി.വി.രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.