ജീവചരിത്രമൊരുങ്ങുന്നുവെന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് നടൻ മോഹൻലാൽ. പിറന്നാൾ ദിനത്തിലാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്. മുഖരാഗം എന്നു പേരിട്ടിരിക്കുന്ന ജീവചരിത്രം തയാറാക്കുന്നത് എഴുത്തുകാരനായ ഭാനുപ്രകാശ് ആണ്. 2020ൽ പുസ്തകം പൂർത്തിയാകും. ഫേസ്ബുക്ക് പേജിൽ കൂടിയാണ് മോഹൻലാൽ ഇത് അറിയിച്ചത്.
“മുഖരാഗം’, എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്.
ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം’. മോഹൻലാൽ കുറിച്ചു.