പയ്യന്നൂര്‍: സ്വത്തിന് വേണ്ടി വയോധികയായ അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നിയമോപദേശം തേടി പോലീസ്.
മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മ (80)യെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മക്കളായ രവീന്ദ്രന്, സൗദാമിനി, അമ്മിണി, പത്മിനി എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു. അതിന് പിന്നലെയാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
അമ്മയെ മര്‍ദ്ദിച്ച സംഭവം വിവരിച്ച് മകന്റെ ഭാര്യ സി.വി. ഷീജ നല്കിയ പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.
ഈമാസം 14ന് ഉച്ചക്ക്ശേഷം മൂന്നോടെയാണ് സംഭവം. പത്ത് മക്കളുടെ അമ്മയായ മീനാക്ഷിയമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.
ഇളയമകന് മോഹനന്റെ വീട്ടിലാണ് മീനാക്ഷിയമ്മ ഇപ്പോള്‍ താമസിക്കുന്നത്. മക്കളിലൊരാളായ ഓമന അഞ്ചുവര്‍ഷം മുമ്പ് മരിച്ചതോടെ ഓമനയുടെ പേരിലുള്ള 25 സെന്റ് സ്ഥലം മീനാക്ഷിയമ്മയുടേതായി മാറിയിരുന്നു.
ഈ സ്വത്ത് നല്‍കാത്തതിന്റെ വിരോധത്തിലാണ് തന്റെ ഭര്‍ത്താവ് മോഹനന് വീട്ടിലില്ലാതിരുന്ന സമയത്ത് നാലുമക്കള്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറുകയും അമ്മയെ മര്‍ദ്ദിക്കുകയും അവര്‍ കൊണ്ടുവന്ന പേപ്പറുകളില്‍ ബലമായി ഒപ്പുവെപ്പിക്കുവാന്‍ ശ്രമിച്ചതുമെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
മര്‍ദ്ദനമേറ്റ മീനാക്ഷിയമ്മ കാലില്‍ നീരുവെച്ച നിലയിലും നെഞ്ചില്‍ രക്തം കട്ടകെട്ടിയ നിലയിലും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം മകന് മോഹനന് വീട്ടിലില്ലാത്ത സമയത്ത് സംഭവത്തിലെ പ്രതികളായ നാലുമക്കളെത്തി വയോധികയായ അമ്മയെ മര്‍ദ്ദിച്ചും നിര്‍ബന്ധിച്ചും ഒപ്പുവെപ്പിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
“നീ ഒപ്പിട്, അടിച്ചു തകര്‍ക്കും…….’ എന്നൊക്കെ പറഞ്ഞ് ഒപ്പിടാന്‍ നിര്ബന്ധിക്കുമ്പോള് അതിന് വഴങ്ങാത്ത അമ്മയെ മര്‍ദ്ദിക്കുന്നതിന്റെയും മര്‍ദ്ദനമേറ്റ് അമ്മ കരയുന്നതിന്റെയും ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.
വയോധികയുടെ കരച്ചില് കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പുവെപ്പിച്ചതായി ബോധ്യപ്പെട്ടതിനാല്‍ ആവശ്യമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നും രണ്ടുദിവസത്തിനകം പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നും പെരിങ്ങോം എസ്ഐ വി. യദുകൃഷ്ണന് പറഞ്ഞു.