പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതികൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്നത് ഫേസ്ബുക്ക് വഴി.
കുടുംബത്തിന് ഐശ്വര്യവും സന്പൽസമൃദ്ധിയും വാഗ്ദാനം ചെയ്ത് ശ്രീദേവി എന്ന പേരിലുള്ള പ്രൊഫൈലിൽ വന്ന ഒരു പരസ്യത്തിൽ ആകൃഷ്ടരായി ഭഗവൽസിംഗും ഭാര്യയും പ്രതികരിച്ചതോടെയാണ് പെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്)യുമായുള്ള ബന്ധത്തിനു തുടക്കമാകുന്നത്.
ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ തയാറാക്കിയതും മുഹമ്മദ് ഷാഫിയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ആദ്യ ചാറ്റിംഗ്. ശ്രീദേവി എന്ന പേരിൽ തന്നെയായിരുന്നു മറുഭാഗത്തെ ചാറ്റിംഗ്.
ഒരു സിദ്ധനെ ഉപയോഗിച്ച് കർമങ്ങൾ നടത്തണമെന്നും സിദ്ധനെന്ന പേരിൽ സ്വന്തം ഫോൺ നന്പർ നൽകാനും ഷാഫി മറന്നില്ല.
ഇതോടെ ഭഗവൽസിംഗ് ഷാഫിയെ ബന്ധപ്പെട്ടു. വീട്ടിലെത്തിയ ഷാഫി ആദ്യം ഭഗവൽസിംഗിന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു.
ഐശ്വര്യം വാഗ്ദാനം ചെയ്തു ചില ആഭിചാര കർമങ്ങൾ നടത്തി. സ്വന്തം ഭാര്യയുമായുള്ള വഴിവിട്ട ബന്ധങ്ങൾ പോലും ഭഗവൽസിംഗ് കണ്ടുനിന്നു.
ഭഗവൽസിംഗിന്റെ രണ്ടാംഭാര്യയാണ് ലൈല. മക്കൾ രണ്ടുപേരും ആദ്യ ഭാര്യയിലുള്ളതാണ്. ലൈല ഇലന്തൂർ സ്വദേശിയാണ്.
വീട്ടിലെത്തി ഷാഫി ആദ്യം നടത്തിയ ചില കർമങ്ങൾ പോരെന്നും ഐശ്വര്യത്തിന് നരബലിയാണ് നല്ലതെന്നും ബോധ്യപ്പെടുത്തി.
ഇതിനു ലക്ഷകണക്കിനു രൂപയാണ് ആവശ്യപ്പെട്ടതെന്ന് പറയുന്നു. ഭഗവൽസിംഗ് തുക നൽകാൻ തയാറായതോടെയാണ് നരബലിയിലേക്കു കടന്നത്.
മലയാറ്റൂർ സ്വദേശി റോസ് ലിയെയാണ് ആദ്യം സമീപിച്ചത്. അശ്ലീല ചിത്രത്തിൽ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.
റോസ് ലിയെ ജൂണിലാണ് കാണാതായത്. അമ്മയെ കാണാതായതോടെ മകൾ കാലടി പോലീസിൽ പരാതി നൽകിയിരുന്നു.
തമിഴ്നാട് സ്വദേശിയായ പത്മത്തെ കഴിഞ്ഞ മാസവും കാണാതായി. 27നാണ് പത്മയുടെ സഹോദരി പളനിയമ്മ പരാതി നൽകിയത്.
കടവന്ത്ര പോലീസ് സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.