കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയെന്ന് പോലീസ്.
ഉദ്ദേശിച്ച കാര്യം ഏതുവിധേനയും നടത്തുന്ന ഇയാള്‍ ലൈംഗികവൈകൃതമുള്ള ആളാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
കേസില്‍ മുഹമ്മദ് ഷാഫി(52) ഒന്നാംപ്രതിയും, ഭഗവല്‍സിംഗ്(68), ലൈല ഭഗവല്‍ സിംഗ്(59)എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്.
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
കമ്മീഷണർ പറഞ്ഞത്: ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഷാഫി പതിനാറാം വയസില്‍ വീടുവിട്ട് ജോലിചെയ്തു തുടങ്ങിയതാണ്.
ഇയാള്‍ ചെയ്യാത്ത ജോലികളും പോകാത്ത പ്രദേശങ്ങളും ചുരുക്കം. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ഇരകളില്‍ മുറിവുണ്ടാക്കി അതില്‍ രസം കണ്ടെത്തുന്ന സൈക്കോപാത്ത് ആണ്.
ഇലന്തൂരിലെ കൊലപാതകത്തിനു പുറമേ നിലവില്‍ എട്ട് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ദമ്പതികളെ വിശ്വസിപ്പിച്ചു കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്.
ഗൂഢാലോചനയും ആസൂത്രണവും നടത്തിയതും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്. ദമ്പതികളില്‍നിന്ന് ഇയാള്‍ അഞ്ചു ലക്ഷത്തോളം രൂപ കൈപ്പറ്റിയതായി പറയുന്നുണ്ട്. ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും പേരില്‍ മുമ്പ് കേസുകളുള്ളതായി അറിവില്ല.
ഭഗവല്‍ സിംഗിന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കുഴിയില്‍നിന്നു പത്മയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു.
മറ്റു മൂന്നു കുഴികളില്നിന്നാണ് റോസ്ലിയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിനുശേഷം പ്രതികള്‍ മനുഷ്യമാംസം ഭക്ഷിച്ചതായി കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇത് അന്വേഷിച്ചു വരികയാണെന്നും ഡിസിപി എസ്. ശശിധരന് പറഞ്ഞു. സമാനമായ കുറ്റകൃത്യം ഇവര്‍ വേറെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡിസിപി പറഞ്ഞു.
ഇരുകൊലകളും വൈകുന്നേരം അഞ്ചിനുശേഷമാണ് നടത്തിയത്. അര്‍ധരാത്രിക്കു ശേഷമാണ് ശരീരാവശിഷ്ടങ്ങൾ മറവു ചെയ്തത്.
കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കും.
എറണാകുളം പുത്തന്‍കുരിശില്‍ വയോധികയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും മുഹമ്മദ് ഷാഫി ശ്രമിച്ച സംഭവവും നരബലി ലക്ഷ്യമിട്ടായിരുന്നോയെന്ന് പോലീസ് അന്വേഷിക്കും.
വയോധികയ്ക്ക് ഏറ്റ മുറിവുകള്‍ ഇലന്തൂരില്‍ കൊല്ലപ്പെട്ടവരുടെ മുറിവുകള്‍ക്ക് സമാനമാണ്.