കൊച്ചി: പ്രായമുള്ള സ്ത്രീകളെ പരിചയം നടിച്ച് തട്ടിപ്പിനിരയാക്കുന്നയാളെ പോലീസ് പിടികൂടി.
നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ കാസര്‍ഗോഡ് കൊളിയൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(43)യെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
55 കാരിയായ എറണാകുളം സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയ കേസിലാണ് അറസ്റ്റ്. പരിചയം നടിച്ച് പ്രായമുള്ള സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ മാസം 15ന് എറണാകുളം പത്മ തീയേറ്ററിനു സമീപത്തുകൂടി നടന്നു പോയ പരാതിക്കാരിയോട് പ്രതി മുസ്തഫ പരിചയം നടിച്ച് സംസാരിച്ചു.
പരാതിക്കാരിയുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളെന്ന നിലയിലാണ് പരിചയപ്പെടുത്തിയത്.
കോവിഡ് സാഹചര്യത്തിൽ വായ്പ ലഭിക്കുമെന്നും ഇന്ന് അവസാന ദിവസമാണെന്നും പറഞ്ഞ് പരാതിക്കാരിയെ ഹൈക്കോടതിക്ക് സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് വിളിച്ചുക്കൊണ്ടുപോയി.
സ്വര്‍ണമാലയിട്ട് ചെന്നാല്‍ വായ്പ ലഭിക്കില്ലെന്നും അതുകൊണ്ട് ഇത് ഊരി നല്‍കാനും അറിയിച്ചു. ഇപ്രകാരം സ്വര്‍ണമാല കൈക്കലാക്കിയ പ്രതി ബാങ്കാണെന്നു പറഞ്ഞ് ഒരു സ്ഥാപനത്തിലേക്ക് പരാതിക്കാരിയെ കയറ്റിവിട്ട ശേഷം മുങ്ങുകയായിരുന്നു.
തട്ടിപ്പ് മനസിലായതോടെ ഇവർ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പ്രതി പെരുമ്പാവൂരില്‍ ഉണ്ടെന്നുള്ള സൂചനയെത്തുടര്‍ന്ന് ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്.
തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, തൃശൂര്‍, മംഗലാപുരം എന്നിവിടങ്ങളിലായി 15 ഓളം കേസുകളിൽ മുസ്തഫ പ്രതിയാണ്.
കഴിഞ്ഞ 19ന് പെന്ഷന് വാങ്ങാന്‍ ട്രഷറിയിലെത്തിയ 70 വയസുകാരിയെയും സമാനരീതിയിൽ മുസ്തഫ കബളിപ്പിച്ചിരുന്നു.
വീടിനടുത്താണ് താമസിക്കുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ച പ്രതി വീടിനടുത്തുള്ള ബന്ധു ആശുപത്രിയില്‍ ആണെന്നും അത്യാവശ്യമായി പണം വേണ്ടതുണ്ടെന്നും പറഞ്ഞ് പെന്ഷന് തുകയായ 17,500 രൂപ കൈക്കലാക്കിയശേഷം പണം ഉടന്‍ എടുത്തുതരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.