പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷാനി മന്സിലില്നിന്നു കാണാതായ വാഗണ്‍ ആര് കാര്‍ ഇല്ലിക്കല്‍, കുമരകം, തണ്ണീര്‍മുക്കം ബണ്ട് വഴി ആലപ്പുഴയിലേക്ക് ഓടിച്ചു പോയതായും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളില്‍നിന്നു പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖവും മറ്റും കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് അടുത്തതായി നടത്തിയത്.
സമീപപ്രദേശങ്ങളിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏറെ വൈകാതെ പ്രതി പിടിയിലാകുമെന്നു പോലീസിന് ഉറപ്പുണ്ടായിരുന്നു.
മാരക അടി
ഇതിനിടയില്‍ ഷീബയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ഷീബയുടെ തലയ്ക്കു ഭാരമേറിയ മൂര്‍ച്ചയില്ലാത്ത ആയുധംകൊണ്ട് മാരകമായുള്ള അടിയേറ്റിരുന്നു.
പുറമേ ചതഞ്ഞ തലയോട്ടി പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണത്തിനു കാരണമായതെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
സാലിയുടെ തലയ്ക്കും സമാനരീതിയിലാണ് അടിയേറ്റത്. മൂക്കിന്റെ പാലത്തിനും തലയോട്ടിക്കും പൊട്ടല്‍ സംഭവിച്ചിട്ടുണ്ടായിരുന്നു.
മുഹമ്മദ് സാലി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മുഹമ്മദ് സാലിയും മരണത്തിനു കീഴടങ്ങി.
മകള്‍ നാട്ടിലെത്തി
ഇവരുടെ വിദേശത്തുളള മകള്‍ നാട്ടിലെത്തിയതോടെ വീട്ടില്‍നിന്നു മോഷണം പോയ വസ്തുക്കളെക്കുറിച്ചു വ്യക്തമായ വിവരം പോലീസിനു ലഭിച്ചു.
കാര്‍ കൂടാതെ 181 ഗ്രാം സ്വര്‍ണവും കുറച്ചു പണവും മോഷണം പോയതായി കണ്ടെത്തി. മൂന്ന് മൊബൈല്‍ ഫോണുകളും ഏതാനും താക്കോല്‍കൂട്ടവും വീട്ടില്‍നിന്നു മോഷണം പോയിരുന്നു.
മുഹമ്മദ് ബിലാലിനെ കണ്ടിട്ടില്ലെങ്കിലും വീട്ടുകാരുമായി അയാള്‍ക്കു ബന്ധം ഉണ്ടെന്നു മകള്‍ പോലീസിനെ അറിയിച്ചു.
ലൊക്കേഷൻ തേടി
പോലീസ് മുഹമ്മദ് ബിലാലിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ പോലീസ് കണ്ടെത്തി.
അത് എറണാകുളത്തായിരുന്നു. എറണാകുളത്തു ചേരാനല്ലൂരില്‍ ഒരു ഹോട്ടലില്‍ ഇയാള്‍ ജോലി ചെയ്യുന്നതായി പോലീസിനു വിവരം ലഭിച്ചു.
അവിടെ താമസിക്കുന്നതിനായി ഇയാള്‍ വാടകയ്ക്കു ഫ്ളാറ്റ് എടുത്തതായും പോലീസിനു വിവരം ലഭിച്ചു.
പിടി വീണ വഴി
ദമ്പതികളുടെ വീട്ടിലെ കാര്‍ അധികമായി ഉപയോഗിച്ചിരുന്നില്ല. സാലി രോഗബാധിതനായിരുന്നതിനാല്‍ വാഹനം ഓടിക്കാറില്ലായിരുന്നു.
ആശുപത്രികളില്‍ പോകേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമായിരുന്നു കാര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ കാറില്‍ കുറച്ചു പെട്രോള്‍ മാത്രമേ ഉണ്ടാകുവെന്നായിരുന്നു പോലീസ് നിഗമനം.
ഇതോടെ സമീപത്തോ നിശ്ചിത ദൂരത്തിലോ ഉള്ള പെട്രോള്‍ പമ്പില്‍ കാര്‍ മോഷ്ടിച്ചയാള്‍ എത്തുമെന്നു പോലീസ് കരുതി.
(തുടരും)
തയാറാക്കിയത് : സീമ മോഹൻലാൽ