സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ദുബായിയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളുടെ ഒരു കാർ പോലീസ് കണ്ടെത്തി.
ഇതുവഴി പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
ആറ് പേരാണ് നിലവില്‍ പോലീസ് നിരീക്ഷണത്തിലുളളത്. ഇവരുടെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂ.
താമരശേരി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. മലപ്പുറം,കോഴിക്കോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് കേസ് നിലവിലുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരന് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയ വാഹനമാണ് പോലീസിന് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരന് മുഹമ്മദ് റിയാസ് നല്കിയ മൊഴി പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ 17നാണ് കൊണ്ടോട്ടി- അരീക്കോട് റോഡില്‍ കാളോത്ത് വച്ച് സ്വര്‍ണ കാരിയറെന്ന സംശയത്തില്‍ സംഘം റിയാസിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് മുക്കം പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.