പൂച്ചാക്കൽ: മാസ്ക് കാരണം ആളെ തിരിച്ചറിയുന്നില്ല എന്ന പരാതിക്ക ു വിരാമം. മാസ്ക് ധരിക്കുന്ന ആളിന്റെ മുഖം പ്രിന്റ് ചെയ്ത മാസ്കുകളുടെ വിപണി സജീവമാകുന്നു .
60 രൂപയും ഫോട്ടോയും ഉണ്ടെങ്കിൽ പതിനഞ്ച് മിനിട്ടിനുള്ളിൽ പ്രിൻറ് ചെയ്ത മാസ്ക് റെഡി. ചേർത്തല പോസ്റ്റോഫീസ് റോഡിൽ കെ. വിനോദിന്റെ ഉടമസ്ഥതയിലുള്ള ഡിഎസ് സ്റ്റുഡിയോയിൽ മുഖം പ്രിന്റ് ചെയ്ത മാസ്കിന് ആവശ്യക്കാർ ഏറെയാണ്.
മാസ്ക് ധരിച്ച് പോകുന്പോൾ പരിചയക്കാരെ കണ്ടാൽ പോലും ചിരിക്കുന്നില്ല എന്ന പരാതിയും പരിഭവവും കൂടിയപ്പോഴാണ് ഇങ്ങനെയൊരാശയം വിനോദിന് തോന്നിയത്. സപ്ലിമേഷൻ പ്രിന്റിംഗിലൂടെ തയാറാക്കുന്ന മാസ്ക് രണ്ട് ലെയർ ക്ലോത്തിൽ കഴുകി വീണ്ടും ഉപയോഗിക്കുന്ന വിധത്തിലാണ് നിർമിക്കുന്നത്.
സ്റ്റുഡിയോയിൽ വന്ന് ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്യുന്ന മാസ്കിന് അറുപത് രൂപ മുതൽ നൂറ് രൂപവരെ വാങ്ങുന്നുണ്ട്. രണ്ട് ലെയർ തുണിയിൽ പ്രിന്റ് ചെയ്യുന്നതിനാൽ മഷിയുടെ രൂക്ഷഗന്ധമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാവില്ലെന്ന് വിനോദ് പറയുന്നു.
സ്റ്റുഡിയോയിൽ കയറുന്നതിനു മുന്പ് കൈ കൊണ്ട് തൊടാതെ തന്നെ സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തതമാക്കുന്നതിന് കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സംവിധാനവും വിനോദ് തയാറാക്കിയിട്ടുണ്ട്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ് പ്രഖ്യാപിച്ചതോടെ രണ്ട് മാസക്കാലമായി സ്റ്റുഡിയോ തുറക്കാറില്ലായിരുന്നു. പ്രിന്റിംഗ് മാസ്ക് ട്രെൻഡ് ആകുന്നതോടെ വരും ദിവസങ്ങളിൽ ആവശ്യക്കാൻ കൂടുതലാകും എന്ന പ്രതീക്ഷയിലാണ് വിനോദ്.