വി.എസ്. രതീഷ്
കുമ്പളം ബ്രദേഴ്സിന്റെ ആസ്ഥാനമായ മൈതാനത്ത് ആശൂപത്രി നിര്‍മാണം ആരംഭിക്കുമ്പോള്‍ കളിക്കാനെത്തിയ കുട്ടികളുമായി രക്ഷാധികാരി ബൈജു തിരിഞ്ഞുനടക്കുകയാണ്. വികസനം വേണം ഒപ്പം കുട്ടികള്‍ക്ക് കളിക്കാന്‍ നാട്ടിന്‍പുറങ്ങളിലെ കളി സ്ഥലങ്ങള്‍ സംരക്ഷിക്കുക കൂടി വേണമെന്ന സന്ദേശത്തോടെ ബിജു മോനോന് നായകനായ ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രം അവസാനിക്കന്നത്.
സിനിമയിലെ നായകനും കുട്ടികളും തോറ്റു പിന്മാറിയതാണ് ക്ലൈമാക്സെങ്കില്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ കായിക്കര ബ്രദേഴ്സ് ക്ലബ് അംഗങ്ങള്‍ രചിച്ചത് വിജയഗാഥ. പിന്തിരിയാന് തയാറാകാതെ ഏതാനും ആഴ്ചകള്‍ കൊണ്ട് നേടിയെടുത്തത് വര്‍ഷങ്ങളായി തങ്ങള്‍ വോളി ബോള്‍ കളിച്ചിരുന്ന മൈതാനമാണ്.
ക്ലബ് അംഗങ്ങളുടെയും അഭ്യൂദയകാംക്ഷികളുടെ സംഭാവനകളും കടം വാങ്ങിയതുള്‍പ്പെടെയുള്ള പണവും ചേര്‍ത്തു വില നല്കി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു പുത്തനമ്പലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്ഥലം ക്ലബിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതോടെ സഫലമായത് ഒരു പ്രദേശത്തിന്റെ കായിക സ്വപ്നങ്ങളായിരുന്നു. പതിമൂന്നര സെന്റ് വരുന്ന വോളിബോള്‍ കോര്‍ട്ട് ഉള്‍പ്പെടുന്ന സ്ഥലത്തിനു ആറു ലക്ഷമായിരുന്നു ഉടമകള്‍ വിലയായി ബ്രദേഴ്സ് ക്ലബിനോട് ആവശ്യപ്പെട്ടത്.
സ്വന്തമായി സാമ്പത്തിക സ്രോതസൊന്നുമില്ലാത്ത ക്ലബ് അംഗങ്ങള്‍ക്ക് ഇതു നേടിയെടുക്കാവുന്നതിലും അധികമായിരുന്നു. എന്നാല്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ സ്ഥലം സ്വന്തമാക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു.
കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം വരുന്ന ക്ലബ് അംഗങ്ങള്‍ ഇതിനായി സംഭാവന നല്കി തുടങ്ങിയതോടെയാണ് ലക്ഷ്യം അപ്രാപ്യമല്ലായെന്ന ബോധ്യം ഇവര്‍ക്കുണ്ടായി. 20,000വും 10,000വും മുതല്‍ 100 രൂപ വരെയുള്ള സംഭാവനകള്‍ മൈതാനം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ക്ലബ് അംഗങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയതോടെ സ്വന്തമായി മൈതാനമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനത്തിലായി ക്ലബ് ഒന്നടങ്കം. സ്വര്‍ണം അടക്കം പലരും ക്ലബിനായി പണയം വച്ചു.
മൂന്നര പതിറ്റാണ്ടിലേറെയായി കായിക്കരയിലെ കുട്ടികളുടെയും യുവാക്കളുടെയും കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ക്ലബാണ് ബ്രദേഴ്സ്. ആദ്യകാലത്ത് ക്രിക്കറ്റായിരുന്നു ക്ലബിന്റെ പ്രധാന മത്സരയിനം. താമരശേരി ഇല്ലത്തിന്റെ വകയായി കായിക്കരയിലുള്ള വയലിലായിരുന്നു മത്സരങ്ങള്‍ നടന്നിരുന്നത്.
മഴക്കാലത്ത് വയലില്‍ വെള്ളം നിറയുമ്പോള്‍ കളിക്കാന്‍ അവസരമില്ലാതായതോടെ ഏകദേശം ഒന്നര പതിറ്റാണ്ടുമുമ്പ് വയലിനോട് ചേര്‍ന്നുള്ള സ്ഥലം വൃത്തിയാക്കി ഇവര്‍ വോളിബോള്‍ മൈതാനമൊരുക്കുകയായിരുന്നു.
ക്ലബ് അംഗങ്ങള്‍ തന്നെ സമാഹരിച്ച ഒന്നര ലക്ഷം രൂപയോളം ചിലവഴിച്ചാണ് ഇവര്‍ വോളിബോള്‍ കോര്‍ട്ട് തയാറാക്കിയത്. ജില്ലയിലെ തന്നെ എണ്ണം പറഞ്ഞ ക്രിക്കറ്റ് ടൂര്‍ണമെന്റ് വര്‍ഷങ്ങളായി ‘ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ’മെന്ന് ഇവര്‍ ഓമനപ്പേരിട്ട് വിളിച്ചിരുന്ന വയലില്‍ വേനല്‍ക്കാലത്ത് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് പുതിയ ഉടമസ്ഥരെത്തി സ്ഥലത്തിന്റെ അതിര്‍ത്തി തിരിക്കുകയും കൃഷി ആവശ്യത്തിനായി വയല്‍ ഉഴുത് മറിക്കുകയും ചെയ്തതോടെ ഇവര്‍ക്ക് കളിസ്ഥലം ഇല്ലാതാകുന്ന അവസ്ഥയായി. സ്ഥലം വാങ്ങിയവരുമായി ക്ലബ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഡ്വാന്‍സ് തുകയായി രണ്ടു ലക്ഷം രൂപ നല്‍കണമെന്നും ബാക്കി തുക രണ്ടുമാസത്തിനുള്ളില്‍ നല്‍കുകയും ചെയ്താല്‍ വോളിബോള്‍ കോര്‍ട്ട് ഉള്‍പ്പെടുന്ന 13.5 സെന്റ് ക്ലബിനു നല്‍കാമെന്നും ധാരണയായിരുന്നു.
പറഞ്ഞദിവസം അഡ്വാന്‍സ് തുക നല്കിയ ക്ലബ് അംഗങ്ങള്‍ ബാക്കി തുക സമാഹരിക്കുന്നതിനായി വിഷ്ണു കെ. ഷാജി പ്രസിഡന്റും ശ്രീകാന്ത് സെക്രട്ടറിയുമായ ക്ലബ് കമ്മറ്റി സമ്മാനക്കൂപ്പണ്‍ അടക്കമുള്ളവ പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വരുമാനം സമ്മാനക്കൂപ്പണ്‍ വില്പനയിലൂടെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിഷു ദിനത്തില്‍ നടത്തേണ്ടിയിരുന്ന നറുക്കെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നു.
സമ്മാനക്കൂപ്പണിലൂടെ ഉദ്ദേശിച്ച പണം ലഭിക്കാതെ വന്നതോടെ സ്ഥലം ഉടമയുമായുള്ള കരാര്‍ അനുസരിച്ച് പറഞ്ഞ തീയതിക്കു പണം നല്കുന്നതിനു രണ്ടരലക്ഷം പലിശയ്ക്കെടുത്താണ് തങ്ങളുടെ സ്വപ്നം ഇന്നലെ ഇവര്‍ സാക്ഷാത്ക്കരിച്ചത്. ക്ലബിന്റെ രക്ഷാധികാരിയായ ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ആധാരം സഹകരണ ബാങ്കില്‍ പണയപ്പെടുത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ കടം വീട്ടാനാണ് ഇവരുടെ തീരുമാനം.
വളക്കച്ചവടക്കാരനായ ബാലചന്ദ്രന്റെ മകന് ക്ലബിലെ അംഗവും വോളിബോള്‍ താരവുമാണ്. സ്ഥലം സ്വന്തമായതോടെ ക്ലബിനൊരു ആസ്ഥാനമന്ദിരമെന്നതാണ് ഇവരുടെ അടുത്ത സ്വപ്നം. സ്ഥലം വാങ്ങുന്നതിനായി സാമ്പത്തികം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ബാധ്യതകളേറെയുണ്ടെങ്കിലും അതെല്ലാം വോളിബോള്‍ ഗെയിമില്‍ എതിരാളികളെ തകര്‍ക്കുന്ന കരുത്തുറ്റ സ്മാഷ് പോലെ പരിഹരിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് രക്ഷാധികാരി ബാലചന്ദ്രനും ബ്രദേഴ്സിലെ പിള്ളേരും.