ഷാള്‍ മുറുക്കി കൊന്നതു മുതല്‍ മകന്റെ സഹായത്തോടെ പുഴയില്‍ ഒഴുക്കിയതു വരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചു! തെളിവുകള്‍ കാലം കാത്തുവച്ചു; ഭര്‍ത്താവിനെ കൊലപ്പെടുത്തി ആറര വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യയും കാമുകനും പിടിയില്‍

തേഞ്ഞ്മാഞ്ഞ് പോയി എന്ന് കരുതിയിരുന്ന, ആറര വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ പ്രതികളെയും കുറ്റകൃത്യത്തെയും സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് പോലീസ്.

ആറരവര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് പുഴയിലെറിഞ്ഞ കേസില്‍ നിര്‍ണായക തെളിവുകളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സന്‍ എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തുകയും ചെയ്തു.

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യ സക്കീന, കാമുകനായ ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിനെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

പുഴയോടു ചേര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട് ഇന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മറ്റാരും ഇവര്‍ക്കു ശേഷം ഈ വീട്ടില്‍ താമസിച്ചില്ല. തെളിവെടുപ്പിനിടെ പോലീസിന്റെ ചോദ്യങ്ങള്‍ക്കു സക്കീന കൃത്യമായി മറുപടി നല്‍കി. ഭര്‍ത്താവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നതു മുതല്‍ പിറ്റേന്നു മകന്റെ സഹായത്തോടെ ചന്ദ്രഗിരിപ്പുഴയില്‍ ഒഴുക്കിയതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ചു. സക്കീന സിസ്സംഗതയോടെ കൃത്യം എങ്ങിനെ നടത്തി എന്ന് വിശദീകരിച്ചതു പോലീസിനെപ്പോലും അമ്പരപ്പിച്ചു. .

ചന്ദ്രഗിരി പുഴയോരത്ത് സക്കീന ചൂണ്ടിക്കാട്ടിയ സ്ഥലത്തു പോലീസിലെ മുങ്ങല്‍ വിദഗ്ധര്‍ ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് പ്രധാന തെളിവുകള്‍ ലഭിച്ചത്. കൊലയ്ക്കുപയോഗിച്ച ഷാള്‍, മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ചാക്ക് എന്നിവയാണ് വെള്ളത്തിനടിയില്‍ കാലം സക്കീനയ്‌ക്കെതിരെ കാത്തുവച്ചിരുന്നത്.

മണലിനടിയില്‍ പുതഞ്ഞ നിലയിലായിരുന്നു ഇവ. മൂന്നു നിറമുളള ഷാളും വെളുത്ത പ്ലാസ്റ്റിക് ചാക്കും സക്കീന പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. മൃതദേഹം പൊങ്ങി വരാതിരിക്കാന്‍ ചാക്കിന്റെ ഇരു വശവും മുറിച്ചിരുന്നു. ഷാള്‍ സക്കീന കയ്യിലെടുത്തു പരിശോധിച്ച് അതുതന്നെയാണെന്ന് ഉറപ്പുവരുത്തി. മൃതദേഹം അഴുകിപ്പോയിരിക്കാമെന്നാണു പോലീസിന്റെ നിഗമനം.

അമ്പതു മീറ്റര്‍ ഉയരത്തില്‍ നിന്നാണു മൃതദേഹം താഴെ പുഴയിലേക്ക് ഉരുട്ടിയിട്ടത്. കൊല ചെയ്തതിന്റെ പിറ്റേന്നായിരുന്നു ഇത്. അടുത്ത ദിവസം തുണികളും പായയും കൂടി പുഴയില്‍ ഒഴുക്കി. ഇതു കണ്ടെത്താനായിട്ടില്ല.

മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് 2012 ഓഗസ്റ്റില്‍ ഒരു ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഉമ്മറും സക്കീനയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞി ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ സക്കീന അസ്വസ്ഥയായിരുന്നു.

സ്വത്ത് തട്ടിയെടുക്കുന്നതിനായി മുഹമ്മദ് കുഞ്ഞിയെ ബന്ധുക്കളില്‍ നിന്ന് അകറ്റുകയാണ് സക്കീന ആദ്യം ചെയ്തത്. തുടര്‍ന്ന് സ്ഥലം വില്‍പനയ്ക്കിടെ പരിചയപ്പെട്ട ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മുഹമ്മദ് കുഞ്ഞിയുടെ പേരിലുണ്ടായിരുന്ന വിവിധ സ്ഥലങ്ങള്‍ വിറ്റ പണം ഉമ്മര്‍ തട്ടിയെടുക്കുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിനെത്തിച്ചറിഞ്ഞ് നാട്ടുകാരുടെ വന്‍ സംഘവും പ്രദേശത്ത് തമ്പടിച്ചിരുന്നു.

Related posts